ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിട്ടുള്ളത്രയും വിദേശ സഞ്ചാരങ്ങള്‍ ലോകത്താരും നടത്തിയിട്ടുണ്ടാവില്ലെന്നാണ്, 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം, പലപ്പോഴായി പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഞ്ചാരപ്രിയനായ മോദി ഭൂരിഭാഗം സമയവും ചെലവഴിച്ചത് വിമാനങ്ങളിലാണെന്നും സ്വന്തം രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്രത്തിലും തൊഴിലില്ലായ്മയിലും കഷ്ടപ്പെടുമ്പോള്‍ രാജ്യത്തലവന്‍ വിദേശയാത്രകള്‍ നടത്തി സുഖിക്കുകയാണെന്നും സോഷ്യല്‍മീഡിയയും ട്രോളന്മാരും തുടരെത്തുടരെ കുറ്റപ്പെടുത്തിയിട്ടും മോദിയ്ക്ക് കുലുക്കമുണ്ടായില്ല. പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും മോദിയ്ക്ക് ഇതുതന്നെയായിരുന്നു തൊഴില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരുന്നപ്പോഴത്തേത് പോട്ടെ, ഗുജറാത്തില്‍ വെറും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാര്‍ട്ടേഡ് വിമനങ്ങളില്‍ യാത്ര നടത്താന്‍ മോദിയ്ക്ക് ആരാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (2003-2007) നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പൈസ നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് മോദിയോട് ആവശ്യപ്പെടുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍മോധ്വാദിയക്ക് വിവരാവകാശ പ്രകാരം ലഭിച്ച ഉത്തരത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മോദി 100 തവണ പോയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് 16.56 കോടിരൂപ ചിലവായെന്നും വിവരാവകാശ രേഖ പറയുന്നു. ഗുജറാത്ത് സര്‍ക്കാരോ ബി.ജെ.പിയോ ഇതിനായി പണം ചിലവഴിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ഈ സാഹചര്യത്തിലാണ് മോദിയ്ക്ക് യാത്രയ്ക്കുള്ള അത്രയും പണം ചെലവഴിച്ചതാരാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. 2007 ജൂലൈയില്‍ സ്വിറ്റ്സലര്‍ലാന്റ്, 2007 ജൂണില്‍ ദക്ഷിണ കൊറിയ, 2007 ഏപ്രിലില്‍ ജപ്പാന്‍, 2006 നവംബറില്‍ ചൈന എന്നിവിടങ്ങളിലേക്ക് മോദിനടത്തിയ യാത്രകള്‍ രാജ്യത്തെ പ്രമുഖ കച്ചവടക്കാര്‍ക്ക് ഒപ്പമാണെന്നും കോണ്‍ഗ്രസ് പറയുന്നു. രാജ്യത്തെ നിയമപ്രകാരം ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ 500 രൂപയുടെ മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ്. മോദിയുടെ യാത്രകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പിന്നെ ആരെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.