ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്. #ModiLiesAtRedFort ഹാഷ് ടാഗിൽ ട്വിറ്ററിലാണ് മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചത്. മോദിയുടെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ എടുത്തുകാട്ടിയായിരുന്നു വിമർശം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി പ്രഖ്യാപിച്ച ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യം യാഥാർഥ്യത്തിൽനിന്നും വളരെ അകലെയാണ്.
ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഒറ്റ രാജ്യം ഒറ്റ നികുതി യാഥാർഥ്യമാക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാൽ ജിഎസ്ടി ഇപ്പോഴും അഞ്ച് സ്ലാബിലാണ് ഉള്ളത്. ഒറ്റ സ്ലാബിലേക്ക് എത്തിക്കുന്നതിന് ഇനിയും സാധിച്ചിട്ടില്ല. ഒറ്റ നികുതി എന്നത് വിദൂരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്ത് നടപ്പാക്കിയ ജിഎസ്ടി, സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുകയുമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് സംസാരിക്കുമ്പോള്‍ നമ്മള് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഇത് നമ്മുടെ കടമയാണ്- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് വ്യാവസായിക വളർച്ചയുണ്ടായെന്ന മോദിയുടെ പ്രസ്താവനയെയും കോൺഗ്രസ് വിമർശിച്ചു. സർക്കാർ സുസ്ഥിരവും അതിന്റെ നയം മുന്‍കൂട്ടി പറയാൻ കഴിയുന്നതുമാകുമ്പോൾ ലോകം നിങ്ങളെ വിശ്വസിക്കും.
ഇപ്പോൾ, ലോകം മുഴുവൻ ഇന്ത്യയെ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവർ നമ്മളുമായി വ്യാപാരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു- മോദി പറഞ്ഞു. എന്നാൽ മോദിയുടെ ഈ അവകാശവാദത്തെയും കോൺഗ്രസ് തള്ളി.
അന്താരാഷ്ട്ര നിക്ഷേപം കുറയ്ക്കുന്നതിനും പ്രധാന പങ്കാളികളുമായുള്ള വ്യാപാര ബന്ധം നശിപ്പിക്കുന്നതിനും രൂപയെ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാക്കുന്നതിനും രാജ്യത്തെ കയറ്റുമതി വ്യവസായത്തെ നശിപ്പിക്കുന്നതിനും കാരണക്കാരൻ മോദിയാണെന്ന് കോൺഗ്രസ് തുറന്നടിച്ചു.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിലവിലത്തെ ചെലവുകളും കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ, പണം എവിടെ? കോൺഗ്രസ് ട്വിറ്ററിൽ ചോദിച്ചു.