ഗാന്ധിനഗർ: തന്റെ ജാതിയെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിനു മറ്റ് അജണ്ടയൊന്നുമില്ലെന്നു മോദി പറഞ്ഞു.
തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 400ലധികം സീറ്റ് നേടാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം അധിക്ഷേപങ്ങൾ സഹായിക്കുകയെന്നും മോദി പറഞ്ഞു.
രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസിന് അജണ്ടയൊന്നുമില്ല. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയത്തിന്റെ ലക്ഷ്യമാകുമ്പോൾ രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്താനാകാതെ പോകുന്നുവെന്നും മോദി കുറ്റപ്പെടുത്തി.