നിങ്ങളുടെ ഓരോ ചെളിവാരിയെറിയലും ഞങ്ങള്‍ക്ക് നല്ലതാണ്, കാരണം താമര വിരിയാന്‍ ഏറ്റവും അനുയോജ്യം ചെളിയാണല്ലോ! കോണ്‍ഗ്രസിനെതിരെ വിമര്‍ശന ശരങ്ങളുമായി പ്രധാനമന്ത്രി നേരേന്ദ്രമോദി

റാഫേല്‍ ഇടപാടില്‍ അഴിമതിയാരോപണം നിലനില്‍ക്കെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. തനിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സംഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇന്ത്യയില്‍ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാലാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് സമനില തെറ്റിയിരിക്കുകയാണെന്നും,കോണ്‍ഗ്രസ് ബി.ജെ.പിക്ക് നേരെ ചെളി വാരിയെറിയുകയാണെന്നും അദ്ദേഹം പ്രസംഗിച്ചു.

എന്നാല്‍ താമര വിരിയാന്‍ ഏറ്റവും അനുയോജ്യം ഈ ചെളിയാണെന്നും ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും താമര വിരിയുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിദേശ രാജ്യങ്ങളാണോ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

സമനില നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനാകൂവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും മോദി പറഞ്ഞു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് ആരോപണത്തില്‍ മറുപടി പറയാന്‍ മോദി തയ്യാറായില്ല.

അതേസമയം റാഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി അവസാനം നിമിഷം തഴഞ്ഞുവെന്നതിന്റെ തെളിവുകള്‍ ഇന്ന് വീണ്ടും പുറത്തുവന്നിരുന്നു. ഈ വിവാദമെല്ലാം കത്തി നില്‍ക്കുമ്പോഴാണ് നരേന്ത്രമോദിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

Related posts