ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമർശത്തിനെതിരെ വിമർശനവുമായി കോണ്ഗ്രസ്. സാന്പത്തിക പ്രതിസന്ധി തുടരുന്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും ഓമിനെക്കുറിച്ചും സംസാരിച്ച് യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോണ്ഗ്രസ് വിമർശിച്ചു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡൻറ് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു.
പശുവെന്നും ഓം എന്നും കേൾക്കുന്പോൾ ചിലയാളുകൾ നിലവിളിക്കുന്നതു തീർത്തും നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാർ ആരോപിക്കുന്നത്. എന്നാൽ പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഉത്തർപ്രദേശിലെ മഥുരയിൽ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമർശം. പശു സംരക്ഷണത്തെ എതിർക്കുന്നവർ രാജ്യത്തിന്റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളർത്തുന്നതിന്റെ അർഥമെന്താണെന്നും ഇതു സന്പദ്വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലർ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.