ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളെ കവർച്ചാസംഘം കൊള്ളയടിച്ചു. ഡൽഹിയിലെ സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകൾ ദമയന്തി ബെൻ മോദിയുടെ പഴ്സും മെബൈലും മോഷ്ടാക്കൾ തട്ടിയെടുത്തത്.
ശനിയാഴ്ച രാവിലെ അമൃത്സറിൽനിന്നു മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റിൽ എത്തിയപ്പോഴാണു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്തത്. 56,000 രൂപയും രണ്ടു മൊബൈൽ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു.
വൈകുന്നേരത്തെ വിമാനത്തിൽ തനിക്കു പോകേണ്ടതായിരുന്നെന്നും രേഖകൾ നഷ്ടപ്പെട്ടതിനാൽ യാത്ര മുടങ്ങിയെന്നും ദമയന്തി പറഞ്ഞു. ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഒൗദ്യോഗിക വസതിക്കു തൊട്ടരികെനിന്നാണു മോദിയുടെ അനന്തരവൾ കൊള്ളയടിക്കപ്പെട്ടത്.