ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്തില്ല. കിർഗിസ്ഥാനിലെ ബിഷ്ഹേക്കിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്തില്ലെന്നാണു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ബിഷ്ഹേക്കിലേക്കു വിവിഐപി വിമാനം പറത്തുന്നതിന് രണ്ടു സാധ്യതകളാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ ഒമാൻ, ഇറാൻ, മധേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലൂടെ ബിഷ്ഹേക്കിലേക്കു വിമാനം പറത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്താൻ പാക്കിസ്ഥാൻ അനുമതി നൽകിയിരുന്നു. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ചായിരുന്നു പാക്കിസ്ഥാന്റെ നടപടി. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ബിഷ്ഹേക്കിൽ എസ്സിഒ ഉച്ചകോടി നടക്കുക. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഫെബ്രുവരി 26-നു ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്ഥാൻ അവരുടെ വ്യോമാതിർത്തി പൂർണമായും അടച്ചിരിക്കുകയാണ്.