ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ഇത്തവണ ദില്ലിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്ന് മോദി അഭ്യര്‍ഥിച്ചു.
പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരാണെന്നും മോദി പറഞ്ഞു.
വികസിതഭാരതം എന്ന സ്വപ്നത്തിലേക്ക് ഡൽഹിയുടെ പിന്തുണ വേണം. ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്. ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നത് കേന്ദ്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു.
കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണം. ബിജെപിക്ക് മാത്രമേ ഡൽഹിയിൽ വികസനം കൊണ്ടുവരാൻ സാധിക്കു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.