ന്യൂഡൽഹി: ഭയം എന്താണെന്നു താൻ അറിഞ്ഞിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിലെ പ്രശസ്തമായ മാൻ വേഴ്സസ് വൈൽഡ് ഷോയിൽ ബെയർ ഗ്രിൽസിനോടായിരുന്നു മോദിയുടെ പ്രതികരണം. ഷോ തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്തു. ഷോയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രീയക്കാരനാണു മോദി.
ഭയമെന്താണെന്നു വിശദീകരിക്കാനോ അതെങ്ങനെ നേരിടണമെന്ന് ആളുകൾക്കു പറഞ്ഞുകൊടുക്കാനോ പോലും തനിക്കറിയില്ല. ക്രിയാത്മകതയാണു ശക്തി. രാജ്യത്തിനും വികസനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതാണു സന്തോഷം. ഈ പരിപാടി കണ്ടുകഴിഞ്ഞശേഷം ലോകത്തെന്പാടുമുള്ള ആളുകൾക്ക് ഇന്ത്യയിലേക്കു വരാൻ തോന്നും. ഇന്ത്യയിലെ വിനോദസഞ്ചാരം വികസിക്കുമെന്നും മോദി പറഞ്ഞു.
13 വർഷം ഞാൻ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഞാൻ പ്രധാനമന്ത്രിയായി. ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്നു സങ്കൽപിച്ചാൽ 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിത്. പ്രധാനമന്ത്രിപദം സ്വപ്നമായിരുന്നില്ല. ഉത്തരവാദിത്തപൂർവം ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. സ്ഥാനലബ്ധികളൊന്നും തലക്കനമായി മാറാറില്ലെന്നും മോദി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലാണ് പരിപാടി ഷൂട്ട് ചെയ്തത്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു.