ന്യൂഡൽഹി: കോണ്ഗ്രസ് തന്നെ കൊല്ലുന്നതു സ്വപ്നം കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. രാജ്യം മുഴുവൻ തന്റെ പിന്നിൽ അണിനിരക്കുന്പോൾ കോണ്ഗ്രസ് തന്നെ വെറുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
അവർ നിങ്ങളുടെ മോദിയെ വെറുക്കുന്നു. കൊല്ലുന്നതു സ്വപ്നം കാണുന്നു. എന്നാൽ മധ്യപ്രദേശിലെയും രാജ്യം മുഴുവനുമുള്ള ജനങ്ങൾ എന്നെ പിന്തുണയ്ക്കുകയാണ് എന്നതു കോണ്ഗ്രസ് മറക്കുന്നു- മോദി ഇറ്റാർസിയിൽ പറഞ്ഞു.
വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടി ഭോപ്പാലിലെ കോണ്ഗ്രസ് സ്ഥാനാർഥി ദിഗ് വിജയ് സിംഗിനെതിരേയും മോദി വിമർശനമുയർത്തി. ദിഗ്ഗി രാജ (ദിഗ് വിജയ് സിംഗ്) സാക്കിർ നായിക്കിനെ തോളിലുയർത്തി നൃത്തം കളിച്ചു. പോലീസ് ഉദ്യോഗസ്ഥരോടു ഭീകരതയെക്കുറിച്ച് സംസാരിക്കാൻ കോണ്ഗ്രസ് സർക്കാർ നായിക്കിനെ വിളിച്ചു. നായിക്കിനെ സമാധാനത്തിന്റെ ദൂതനായി ചിത്രീകരിക്കാനാണ് മുൻ സർക്കാരുകൾ ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തി.
ഒരു കുടുംബത്തിന്റെ 55 വർഷത്തെ ഭരണമാണോ ഒരു ചായക്കടക്കാരന്റെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്നു തെരഞ്ഞെടുക്കാനും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.