ന്യൂഡൽഹി: അഴിമതിക്കേസുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിക്കാർ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചുവെന്ന് എനിക്ക് തോന്നുന്നു. അവർക്കത് തിരികെ ലഭിക്കണമെന്നും മോദി പറഞ്ഞു.
ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച നടത്തും. നിയമപരമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഇഡി കേസുകളും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവ് ഉൾപ്പെട്ട ഭൂമി കുംഭകോണവും മോദി പരാമർശിച്ചു. കേരളത്തിലെ ചില സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണ്.
ആയിരക്കണക്കിനു കോടി രൂപയാണ് ഈ നിലയില്‍ തട്ടിയെടുത്തതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭുമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.