വില നാലിലൊന്നായി കുറച്ചിട്ടും ആര്‍ക്കും വേണ്ടാതെ ‘മോദി പ്രഭാവം’ തുടരുന്നതായി റിപ്പോര്‍ട്ട്. മോദിയെ ലോകപ്രശസ്തനാക്കുകയും വികസന നായകനാക്കി അവതരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ചെയ്ത പ്രശസ്ത പുസ്തകമായ ‘മോദി എഫക്റ്റി’നാണ് ഈ ദുര്‍വിധി വന്നിരിക്കുന്നത്. 750 രൂപ മുഖവിലയുള്ള പുസ്തകം 550 രൂപ കുറച്ചു വിറ്റിട്ടും ഡല്‍ഹിയിലടക്കമുള്ള പ്രമുഖ പുസ്തകശാലകളില്‍ കെട്ടിക്കിടക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറാന്‍ മോദിയെ സഹായിച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പുസ്തകമാണ് ‘മോദി എഫക്റ്റ്: ഇന്‍സൈഡ് നരേന്ദ്ര മോദീസ് ക്യാംപയിന് റ്റു ട്രാന്‍സ്ഫോം ഇന്ത്യ’ (മോദി പ്രഭാവം: ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള നരേന്ദ്രമോദിയുടെ പ്രചാരണത്തിനുള്ളില്‍).
ബിബിസി മാധ്യമ പ്രവര്‍ത്തകനായിരുന്ന ലാന്‍സ് പ്രിന്‍സ് എഴുതിയ പുസ്തകം 2014ന് മുമ്പ് പുറത്തുവരികയും മോദിയ്ക്ക് അധികാരത്തിലേറാനുള്ള വഴിയൊരുക്കുകയും ചെയ്തതാണ്. ഈ പുസ്തകമാണ് 2019 തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിപണി മൂല്യമില്ലാതെ കെട്ടിക്കിടക്കുന്നത്.
തലസ്ഥാനത്തു തന്നെ ശ്രദ്ധേയമായ ഈ പ്രതിഭാസം ബിജെപിക്ക് ശുഭസൂചകമല്ലെന്നാണ് വിലയിരുത്തല്‍. വിലകുറച്ചെങ്കിലും പുസ്തകം വിറ്റു തീര്‍ക്കാന്‍ പുസ്തക ശാലകള്‍ നടത്തുന്ന ഈ പ്രയത്നം സൂചിപ്പിക്കുന്നത് മോദി എന്ന വ്യക്തിയില്‍ വന്നിരിക്കുന്ന താത്പര്യക്കുറവാണെന്നും സൂചനയുണ്ട്. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ മോദി എന്ന ബിംബം സമ്പൂര്‍ണ പരാജയമായിരുന്നു എന്നതിന്റെ ലക്ഷണമായിക്കൂടി ഇതിനെ പലരും നോക്കിക്കാണുകയാണ്.
പണം തന്നതിനനുസരിച്ച് പുസ്തകം എഴുതിക്കൊടുക്കുകയായിരുന്നു എന്ന, ഒരു വര്‍ഷത്തിനു ശേഷമുള്ള ലാന്‍സ് പ്രിന്‍സിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. മോദിയെ പ്രശസ്തനാക്കാനായി ബിജെപി നേതാക്കളാണ് പണം നല്‍കിയതെന്നും മെയ് മാസത്തിനു മുമ്പ് മോദിയെക്കുറിച്ച് താന്‍ കേട്ടിട്ടു പോലും ഇല്ലായിരുന്നു എന്നും ലാന്‍സ് പ്രിന്‍സ് വെളിപ്പെടുത്തിയിരുന്നു.