ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് 142 റാലികളിൽ. അവസാന 50 ദിവസത്തെ കണക്കാണിതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. ഇക്കുറി 300 സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നാണ് അമിത് ഷാ പറയുന്നത്.
മാർച്ച് 28-ന് ഉത്തർപ്രദേശിലെ മീററ്റിൽ നടത്തിയ റാലിയോടെയാണ് മോദിയുടെ പ്രചാരണം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്പോൾ ഒരു ലക്ഷത്തിലധികം കിലോമീറ്റർ ദൂരം പ്രധാനമന്ത്രി ഇന്ത്യയിലുടനീളം ആകാശത്തും കരയിലുമായി യാത്ര ചെയ്തു. 15 ദശലക്ഷം ജനങ്ങളോടു മോദി പ്രസംഗിച്ചു. 10000 ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.
ഏപ്രിൽ 18-നാണ് മോദി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത്. ഗുജറാത്തിലെ അംറേലിയിൽനിന്നു യാത്ര തുടങ്ങിയ മോദി ബഗൽകോട്ട്, ചികോടി (രണ്ടും കർണാടക) വഴി തിരുവനന്തപുരത്ത് എത്തിയാണ് അവസാനിപ്പിച്ചത്. 40-46 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന മേഖലകളിലായിരുന്നു മോദിയുടെ കൂടുതൽ റാലികളും. മേയ് എട്ടിന് മധ്യപ്രദേശിലെ ഇറ്റാർസിയിൽ മോദി പ്രചാരണത്തിന് എത്തുന്പോൾ 46 ഡിഗ്രിയാണ് താപനില.
ഉത്തരാഖണ്ഡിലെ രുദ്രപുർ മോദി പ്രചാരണം നടത്തിയ ഏറ്റവും ഉയർന്ന സ്ഥലവും തിരുവനന്തപുരം ഏറ്റവും താഴ്ന്ന സ്ഥലവുമാണ്. ഏപ്രിൽ മൂന്നിന് കോൽക്കയിൽ മോദി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. അഞ്ചു ലക്ഷം ആളുകൾ റാലിക്കെത്തിയെന്നാണു ഷായുടെ കണക്ക്.
താൻ തന്നെ ഒന്നരലക്ഷം കിലോമീറ്റർ പ്രചാരണത്തിനായി യാത്ര ചെയ്തെന്നും ബിജെപി നേതാക്കൾ 1500 റാലികളിൽ പങ്കെടുത്തെന്നും അമിത് മാധ്യമങ്ങളോടു പറഞ്ഞു.