ന്യൂഡൽഹി: വീണ്ടും വിവരക്കേട് വിളിച്ചുപറഞ്ഞ് വിവാദത്തിൽ ഇടംപിടിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഡിജിറ്റൽ കാമറ സ്വന്തമാക്കിയ ആദ്യ കുറച്ചുപേരിൽ ഒരാളാണ് താനെന്നും താൻ പകർത്തിയ എൽ.കെ. അഡ്വാനിയുടെ കളർചിത്രം 1988-ൽ ഇ-മെയിൽ വഴി അയച്ചെന്നുമാണ് മോദിയുടെ അവകാശവാദം.
ന്യൂസ് നേഷൻ എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം അവകാശപ്പെട്ടത്. ബാലാക്കോട്ട് ആക്രമണ ദിവസം മഴയും മേഘങ്ങളും ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാന്റെ റഡാറുകളിൽനിന്നു മറയ്ക്കുമെന്നു മോദി പറഞ്ഞതും ഇതേ അഭിമുഖത്തിലായിരുന്നു. ഈ ”മണ്ടത്തരവും’ ഏറെ വിമർശനങ്ങൾ നേരിട്ടു.
എങ്ങനെയാണ് നൂതന ഉപകരണങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്ന ചോദ്യത്തോടു പ്രതികരിക്കവെയാണ് മോദി തന്റെ ചരിത്രത്താളുകളിൽനിന്ന് “ഗാഡ്ജറ്റ് ഫ്രീക്ക്’ ഏടുകൾ വിവരിച്ചത്.
മോദി പറഞ്ഞത് ഇങ്ങനെ: ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുന്പുതന്നെ തനിക്ക് ഇലക്ട്രോണിക് ഉപകരണങ്ങളോടു കന്പമുണ്ടായിരുന്നു. 1990-കളിൽ തന്നെ താൻ സ്റ്റൈലസ് പെൻ (ടച്ച്സ്ക്രീൻ ഡിവൈസുകളിൽ ഉപയോഗിക്കുന്നവ) സ്വന്തമാക്കിയിരുന്നു. 1987-88 കാലത്ത് തനിക്ക് ഒരു ഡിജിറ്റൽ കാമറയുണ്ടായിരുന്നു. മറ്റാരെങ്കിലും ഇത് സ്വന്തമാക്കിയിരുന്നോ എന്നറിയില്ല.
മോദി തുടരുന്നു: എൽ.കെ. അഡ്വാനിയുടെ ചിത്രം താൻ ഡിജിറ്റൽ കാമറയിൽ പകർത്തിയിരുന്നു. അഹമ്മദാബാദിനടുത്ത വിരംഗം ടെഹ്സിലിൽവച്ചായിരുന്നു ഇത്. ഇത് പിന്നീട് ഇ-മെയിൽ വഴി ഡൽഹിക്ക് അയച്ചുനൽകി. അന്ന് വളരെ കുറച്ചുപേർക്കു മാത്രമേ ഇ-മെയിൽ ഉള്ളൂ. അടുത്ത ദിവസം ഡൽഹിയിൽ കളർ ഫോട്ടോ ലഭിച്ചപ്പോൾ അഡ്വാനി വളരെ അതിശയിച്ചുപോയി.
അതേസമയം, മോദിയുടെ അവകാശവാദങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. 1995-ൽ സർക്കാർ നിയന്ത്രണത്തിലുള്ള വിഎസ്എൻഎൽ കന്പനിയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം അവതരിപ്പിക്കുന്നത്. 1980-കളിൽ ആഗോളതലത്തിൽ തന്നെ വിദ്യാഭ്യാസ-ഗവേഷണ ആവശ്യങ്ങൾക്കായി ഇ-മെയിൽ സൗകര്യം പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഈ സൗകര്യം ഉപയോഗിച്ചിരുന്നവർ ഉണ്ടായിരുന്നതായി അറിയില്ല. ഈ സാഹചര്യത്തിൽ മോദി ഇത് എങ്ങനെ ഉപയോഗിച്ചു എന്നാണ് വിമർശകർ ചോദിക്കുന്നത്.
ചിലർ വസ്തുകൾ നിരത്തി മോദിയുടെ അവകാശവാദത്തെ ഖണ്ഡിച്ചു. 1990-ൽ ഡൈകാം മോഡൽ ഒന്നാണ് ആദ്യമായി വിൽപ്പനയ്ക്കെത്തുന്ന ഡിജിറ്റൽ കാമറ. 1995 ഓഗസ്റ്റ് 14-ന് ഇന്ത്യയിൽ ഇ-മെയിൽ അവതരിപ്പിക്കുന്നതിനു മുന്പ് മോദി ഇത് എങ്ങനെ ഉപയോഗിച്ചു എന്ന് ഇക്കൂട്ടർ ചോദിക്കുന്നു. ഇനി മോദിയാണോ ഇ-മെയിൽ കണ്ടുപിടിച്ചതെന്ന “സംശയവും’ ഇവർ ഉന്നയിക്കുന്നു.
താൻ വളരെ പാവപ്പെട്ട കുടുംബത്തിൽനിന്നാണു വരുന്നതെന്ന മോദിയുടെ അവകാശവാദത്തെയും ചിലർ പരിഹസിക്കുന്നു. 1987-ൽ തന്നെ ഡിജിറ്റൽ കാമറ സ്വന്തമാക്കിയ ആൾ എങ്ങനെ പാവപ്പെട്ടവനാകുമെന്ന് ഇവരുടെ പരിഹാസം.