താരാരാധനയുടെ വിവിധ വശങ്ങള്‍ നാം കണ്ടിട്ടുണ്ട്. തങ്ങള്‍ ആരാധിക്കുന്നവര്‍ക്കുവേണ്ടി മരിക്കുന്നവരും ആരാധിക്കുന്നവര്‍ക്കുവേണ്ടി വഴക്കടിക്കുന്നവരും തുടങ്ങി പലരും. സിനിമാതാരങ്ങളോടുള്ള ആരാധനയാണ് പലര്‍ക്കും കൂടുതല്‍.
എന്നാല്‍ രാഷ്ട്രീയ നേതാക്കളോടുള്ള ആരാധന അതിരുകടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായും കാണാറുണ്ട്. തല്ലലും കൊല്ലലുമെല്ലാം നടക്കും. എന്നാല്‍ ഒരു സ്ത്രീ ആരാധിക, അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധിക തന്റെ മോദി പ്രേമം അതിരുവിട്ടപ്പോള്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായാരിക്കുന്നത്.
സംഭവം ഇതാണ്, ദന്ത ഡോക്ടറായ മേഘ മഹാജന്‍ എന്ന 30 കാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം തികഞ്ഞ ആരാധികയാണ്. അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്ന മേഘ തന്റെ വിവാഹ മോചനത്തില്‍ നിന്നു ലഭിച്ച ജീവനാംശത്തുകയായ 45 ലക്ഷവും മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്. അതും തന്നെ ഏറ്റവും ആകര്‍ഷിച്ച സ്വച്ഛ് ഭാരത് പദ്ധതിക്ക്. തന്റെ ജീവനാംശ തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്യുമെന്ന് നേരത്തെ തന്നെ മേഘ പ്രഖ്യാപിച്ചത് ശ്രദ്ധ നേടിയിരുന്നു.
ആ വാക്ക് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് മേഘയിപ്പോള്‍. നീണ്ട ഏഴ് വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് ജീവാനാംശമായി 45 ലക്ഷം രൂപ മേഘയ്ക്ക് ലഭിച്ചത്. നരേന്ദ്രമോദിയോട് തനിക്കെന്നും അടങ്ങാത്ത ആരാധനയാണെന്നും ഇന്ത്യയ്ക്ക് വേണ്ടി അതിശയകരമായ കാര്യങ്ങളാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും മേഘ പറയുന്നു. ഇന്ത്യയെ മാലിന്യമുക്തമാക്കുന്ന ഈ പ്രക്രിയയില്‍ പങ്കാളിയാകുന്നതില്‍ അതീവ സന്തോഷമെന്നും മേഘമഹാജന്‍ പ്രതികരിച്ചു.
വെറുതെകിട്ടിയതായാല്‍പ്പോലും വേറാര്‍ക്കും തങ്ങളുടെ പണം കൊടുക്കാന്‍ മനസുകാണിക്കാത്തവര്‍ ധാരാളമുള്ളപ്പോള്‍ തനിക്കവകാശപ്പെട്ട പണം രാജ്യത്തിന്റൈ പൊതുനന്മയ്ക്കായി ദാനം ചെയ്യാന്‍ മേഘ കാണിച്ച മനസിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം.