പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറി 25 മാസത്തിനിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത് 42 രാജ്യങ്ങള്‍. 2014 മേയില്‍ പ്രധാനമന്ത്രി പദത്തിലേറിയ ശേഷം മോദി 24 രാജ്യാന്തര യാത്രകളാണ് നടത്തിയത്. ഇതു വഴി 113 ദിവസം അദ്ദേഹം രാജ്യത്ത് നിന്നും വിട്ടു നിന്നതായും സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ എന്‍ഡിഎ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി മുഴുവന്‍ ഭരണ കാലയളവില്‍ സന്ദര്‍ശിച്ചതിനേക്കാളും അധികം രാജ്യങ്ങള്‍ മോദി ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും ഇക്കാര്യത്തില്‍ മോദി പിന്നിലാക്കി. മന്‍മോഹന്‍ ആദ്യ രണ്ടു ടേമുകളിലായി 64, 76 ദിവസങ്ങളാണ് വിദേശയാത്ര നടത്തിയത്.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജ്‌പേയി നടത്തിയത് കേവലം ആറ് വിദേശ യാത്രകള്‍ മാത്രമാണ്. വാജ്‌പേയി ഒമ്പത് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി. മന്‍മോഹന്‍ സിങ് അമേരിക്ക, റഷ്യ, യു.കെ എന്നിവിടങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയെങ്കില്‍ മോദി യു.എസ്, നേപ്പാള്‍, ഫ്രാന്‍സ്, സിംഗപ്പൂര്‍, റഷ്യ, അഫ്ഗാനിസ്താന്‍, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
മോദിയുടെ വിദേശയാത്രകള്‍ക്കായി എത്ര രൂപ ചെലവിട്ടെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമല്ല. പല രാജ്യങ്ങളിലേക്കും ബിസിനസുകാര്‍ ഉള്‍പ്പെടെ വന്‍ സംഘം മോദിയെ അനുഗമിക്കുന്നുണ്ട്.