അഹമ്മദാബാദ്/ഹൈദരാബാദ്/ പൂന: കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ്, ഹൈദരാബാദ്, പൂന എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങൾ സന്ദർശിച്ചു.
അഹമ്മദാബാദിലെ സൈഡസ് കാഡില്ലയുടെ ബയോടെക് പാർക്കിലെ ഗവേഷണ കേന്ദ്രത്തിലായിരുന്നു ആദ്യ സന്ദർശനം. പിപിഇ കിറ്റ് ധരിച്ചെത്തിയ മോദി, ഗവേഷകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു.
ഗവേഷണരീതികൾ മനസിലാക്കി, വാക്സിൻ നിർമാണത്തിനു സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തശേഷം ഹൈദരാബാദിലേക്കു തിരിച്ചു.
ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമതാവളത്തിലെത്തിയ മോദി, ഭാരത് ബയോടെക്കിന്റെ ജിനോം താഴ്വരയിലെ വാക്സിൻ നിർമാണകേന്ദ്രത്തിലെത്തി.
കോവാക്സിന്റെ നിർമാണത്തെക്കുറിച്ച് ചെയർമാൻ കൃഷ്ണ ഇളയോടും ശാസ്ത്രജ്ഞരോടും കന്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ചു. പ്രധാന കവാടത്തിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തശേഷമാണു മോദി മടങ്ങിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ നിർമാണം പൂർത്തിയാക്കുന്നത്.
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നുവരികയാണ്.
വൈകുന്നേരം നാലോടെ മോദി ഹൈദരാബാദിൽനിന്നു പൂന വിമാനത്താവളത്തിലെത്തി.
തുടർന്ന് ഇവിടെനിന്ന് 17 കിലോമീറ്റർ അകലെയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മഞ്ചരിയിലെ ഗവേഷണകേന്ദ്രത്തിലെത്തി. എത്രയും വേഗം മരുന്നു പുറത്തിറക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച മോദി, ആറു മണിയോടെ ഡൽഹിക്കു തിരിച്ചു.