ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും വോട്ട് പിടുത്തവുമെല്ലാം തകൃതിയായി നടക്കുകയാണ്. കേന്ദ്രമുള്‍പ്പെടെ നല്ലൊരു ശതമാനം സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയ്ക്കാണ് ഇത്തവണ ടെന്‍ഷന്‍ കൂടുതല്‍. ഭരണം കൈവിടാതെ തുടരണമല്ലോ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ അതിനുള്ള തകൃതിയായ പണികളിലുമാണ്. ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളും റാലികളുമൊക്കെയായി ഓടി നടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ഫെബ്രുവരി 8 മുതലുള്ള അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങളാണ്. ശനിയാഴ്ച പശ്ചിമ ബംഗാളിലെത്തുന്ന മോദി ഞായറാഴ്ച ജമ്മുകാഷ്മീരാണ് സന്ദര്‍ശിക്കുന്നത്. ഫെബ്രുവരി എട്ടിന് മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ മോദി എത്തുന്നുണ്ട്. ചത്തീസ്ഗഡിലെ റായ്ഗറിലാണ് മോദിയുടെ ആദ്യ റാലി. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍വിയേറ്റുവാങ്ങിയതിന് ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളില്‍ മോദി എത്തും.
കഴിഞ്ഞയാഴ്ചയും മോദി പശ്ചിമബംഗാളില്‍ എത്തിയിരുന്നു. ഇതിന് ശേഷം ആസ്സാമിലേക്ക് തിരിക്കുന്ന മോദി അവിടെ തങ്ങും. ഫെബ്രുവരി 9 ന് ഗുവാഹത്തിയിലെത്തുന്ന മോദി, ബ്രഹ്മപുത്ര നദിക്ക് കുറകെയായി നിര്‍മിക്കുന്ന പാലത്തിന്റെ തറക്കല്ലിടല്‍ നടത്തും. പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇവിടെ മോദി നിര്‍വഹിക്കും. ഇതിന് പിന്നാലെ അരുണാചല്‍ പ്രദേശിലേക്ക് പോകുന്ന മോദി അവിടെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് തറക്കല്ലിടും.
ഇതിന് ശേഷം ത്രിപുരയിലെത്തി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. പിറ്റേ ദിവസം തമിഴ്നാട്ടിലെ തിരുപൂരിലും കര്‍ണാടകയിലെ ഹബ്ബാലിയിലും നടക്കുന്ന തെരഞ്ഞെടുപ്പുറാലികളില്‍ പങ്കെടുക്കും. ഇതേ ദിവസം തന്നെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന റാലിയിലും മോദി എത്തും. ഫെബ്രുവരി 11 ന് യു.പിയിലെ മധുരയിലെത്തുന്ന മോദി അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 12 ന് ഹരിയാനയിലെത്തി, സ്വച്ഛ് ശക്തി പരിപാടിയിലും പങ്കെടുക്കും.