പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. തിങ്കളാഴ്ചയാണ് ഇ-ലേലം ആരംഭിച്ചത്. ഒക്ടോബർ 31ന് ലേലം അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ലേലത്തിന്റെ വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കുമെന്ന് പ്രധാനമന്തി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളുമാണ് ഇ-ലേലത്തിൽ വെച്ചിരിക്കുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ പ്രദർശനത്തിന്റെ ഭാഗമായിചില ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോർഗഡിലെ വിജയ് സ്തംഭത്തിന്റെയും പകർപ്പുകൾ, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവ ലേലത്തിനെത്തുന്നുണ്ട്.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ലേലത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. , “ഇന്ന് മുതൽ, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന എക്സിബിഷനില്‍ സമീപകാലത്ത് എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് ഇവയെല്ലാം. ഇവ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കും” എന്ന് മോദി ട്വീറ്റ് ചെയ്തു.