ഞാന്‍ വോട്ട് ചോദിക്കുന്നത് എന്റെ കുടുംബത്തിനോ തലമുറയ്‌ക്കോ വേണ്ടിയല്ല! സാധാരണക്കാരനായി ജനിച്ചതുകൊണ്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ എനിക്ക് മനസിലാവും; തെരഞ്ഞെടുപ്പ് റാലിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ചര്‍ച്ചയാവുന്നു

കുടുംബത്തിനോ തലമുറയ്‌ക്കോ വേണ്ടിയല്ല രാജ്യത്തെ ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും രാജ്യത്തിനുവേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ പരിഗണിച്ച് മാത്രം വോട്ട് നല്‍കിയാല്‍ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജസ്ഥാനിലെ നാഗൗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്റെ പ്രവര്‍ത്തനം പരിഗണിച്ച് മാത്രം നിങ്ങള്‍ വോട്ട് ചെയ്താല്‍ മതി. എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനോ അല്ലെങ്കില്‍ എന്റെ തലമുറയ്ക്കോ വേണ്ടിയല്ല ഞാന്‍ വോട്ട് ചോദിക്കുന്നത്. മോദി പറഞ്ഞു.

റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ഗാന്ധിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാവില്ലെന്നായിരുന്നു മോദി കുറ്റപ്പെടുത്തിയത്.

‘ഞാന്‍ വോട്ട് ചോദിക്കുന്നത് എന്റെ ചെറുമകനോ ചെറുമകള്‍ക്കോ വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമത്തിനും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും വേണ്ടിയാണ്. കോണ്‍ഗ്രസിന്റെ നാല് തലമുറ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നില്ല. സാധാരണക്കാരന്റെ വിഷമങ്ങള്‍ അവര്‍ക്ക് മനസിലാവില്ല. എന്നാല്‍ എല്ലാവരുടേയും ക്ഷേമവും എല്ലാവരുടെയും വികസനവുമാണ് ബി.ജെ.പിയുടെ മുദ്രാവാക്യം’- മോദി പറഞ്ഞു.

എന്നാല്‍ മോദിക്കെതിരെ രൂക്ഷപരാമര്‍ശവുമായി കോണ്‍ഗ്രസും തിരിച്ചടിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് ചെയ്ത എന്ത് പ്രവര്‍ത്തിയാണ് നിങ്ങള്‍ക്ക് അവരുടെ മുന്‍പില്‍ വെക്കാനുള്ളത് എന്നായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചത്.

സ്വന്തം നേട്ടങ്ങള്‍ പാര്‍ലമെന്റില്‍ പോലും വെക്കാന്‍ മോദിയെ കൊണ്ടാവില്ല. പിന്നല്ലേ ജനങ്ങള്‍ക്ക് മുന്‍പില്‍. അദ്ദേഹം ചോദിച്ചു. സ്വന്തം ഭരണനേട്ടങ്ങള്‍ എന്തെന്ന് പോലും ഉയര്‍ത്തിക്കാണിക്കാനാവത്ത ഒരു ഭരണാധികാരിയാണ് മോദിയെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

Related posts