
ന്യൂഡൽഹി: നിരന്തരം വിയർപ്പ് തുടച്ചുകളയുന്നതാണു തന്റെ സൗന്ദര്യരഹസ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ കുട്ടികൾക്കുള്ള ധീരതാ അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തശേഷം കുട്ടികളോടു സംവദിക്കുന്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തിയത്.
പലരും എന്നോടു വർഷങ്ങൾക്കു മുന്പുതന്നെ, താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്നു ചോദിച്ചിട്ടുണ്ട്. എനിക്കതിന് ഒരൊറ്റ ഉത്തരമേ ഉള്ളു. ഞാൻ കഠിനാധ്വാനിയാണ്. അതുകൊണ്ടുതന്നെ നന്നായി വിയർക്കാറുണ്ട്. ആ വിയർപ്പ് നിരന്തരമായി തുടയ്ക്കുന്നതു മുഖത്തിന് ഒരു മസാജ് ചെയ്യുന്ന ഫലം ചെയ്യും. അതു മുഖത്തിന് തിളക്കം നൽകും- പ്രധാനമന്ത്രി കുട്ടികളോടു പറഞ്ഞു.

ദിവസത്തിൽ നാലു തവണയെങ്കിലും കുട്ടികൾ നന്നായി വിയർക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസിലാക്കണം. കഠിനമായി അധ്വാനിക്കുകയും അതു തുടരുകയും ചെയ്യണം. ജീവിതത്തിൽ എത്ര പുരസ്കാരങ്ങൾ ലഭിച്ചാലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കുട്ടികളോടു പ്രധാനമന്ത്രി പറഞ്ഞു.