ആഘോഷപൂര്‍വ്വം നടപ്പാക്കിയ ജിഎസ്ടിയും രക്ഷയായില്ല! നികുതി പിരിഞ്ഞുകിട്ടാത്തതിനാല്‍ ഖജനാവില്‍ പണവുമില്ല; പിടിച്ചുനില്‍ക്കാനായി 50,000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളിലേക്ക് ഖജനാവില്‍ പണമില്ലാത്തതിനാല്‍ അരലക്ഷം കോടി രൂപയുടെ അധിക വായ്പയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലൂടെയാവും ഇത്രയും പണം സര്‍ക്കാര്‍ കടം വാങ്ങുക. രാജ്യത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുന്ന പുതിയ തീരുമാനം കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ടു.

അതേസമയം, നിലവിലുള്ള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകള്‍ വരുന്ന മാര്‍ച്ചോടെ 25,006 ആയി വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരമെന്ന അവകാശവാദവുമായി ഏറെ ആഘോഷത്തോടെ നടപ്പാക്കിയ ചരക്ക് സേവന നികുതിയും സര്‍ക്കാരിന് ഗുണം ചെയ്തില്ലെന്നും ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധരാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ പിരിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം ലഭിക്കാത്തതാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്. ഇതേത്തുടര്‍ന്നാണ് 50,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

 

Related posts