അധികാരത്തിലേറ്റ് മൂന്നരവര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പബ്ലിസിറ്റിക്കായി പൊടിച്ചത് 3754 കോടിയെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങള്‍ വഴിയും മറ്റുമുള്ള പബ്ലിസിറ്റിക്കായി 37,54,06,23,616 കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചിലവഴിച്ചതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന വിവരം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റിക്ക് മാത്രം 1656 കോടിരൂപയാണ് മോദി സര്‍ക്കാര്‍ ചെലവഴിച്ചത്.
റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള പ്രചരണങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. അതേസമയം, പ്രിന്റ് മാധ്യമങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചത് 1698 കോടിയാണ്. ഹോര്‍ഡിങ്സ്, പോസ്റ്റര്‍, ബുക്ക്ലെറ്റ് എന്നിങ്ങനെയുള്ള ഔട്ട്ഡോര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 399 കോടിയാണെന്നും വിവരാവകാശ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാനായി ഒരു വര്‍ഷം അനുവദിക്കുന്ന ബഡ്ജിറ്റിനേക്കാള്‍ കൂടുതലാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക. മലിനീകരണ നിയന്ത്രണത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് വെറും 56.8 കോടിയാണ് എന്നിരിക്കെയാണ് ഇത്രയും വലിയ തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വീറാണ് അപേക്ഷ നല്‍കിയത്. 2014 ജൂണ്‍ ഒന്നിനും 2016 ആഗസ്റ്റ് 31നും ഇടയില്‍ നരേന്ദ്രമോദിയുള്ള പരസ്യങ്ങള്‍ക്കുവേണ്ടി 1100 കോടിയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നാണ് 2016ലെ വിവരാവകാശ കണക്കുകള്‍ വ്യക്തമാക്കുന്നത്.