അധികാരത്തില്‍ രണ്ടാംവര്‍ഷം പൂര്‍ത്തിയായത് ആഘോഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവിട്ടത് റിക്കാര്‍ഡ് തുക. 35.58 കോടി രൂപയാണ് പത്രങ്ങളില്‍ പരസ്യം നല്കാന് സര്‍ക്കാര്‍ അനുവദിച്ചത്. വിവരാകാശ പ്രവര്‍ത്തകനായ അനില്‍ ഗാംഗുലിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വിവരം ലഭ്യമായത്. മേയ് 26നായിരുന്നു മോഡി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം. ഇക്കാര്യം അറിയിക്കുന്നതിനു വേണ്ടിയാണ് ഈ കോടികള്‍ ചെലവഴിച്ചത്. ഇന്ത്യയിലും അയല്രാജ്യത്തുമുള്ള 11,236 ദിനപത്രങ്ങളിലാണ് പരസ്യം ചെയ്തത്.
സര്‍ക്കാര്‍ അധികാരമേറ്റ തരത്തിലുള്ളതിനു പകരം കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പരസ്യങ്ങളാണ് ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വഴി നല്‍കിയത്. മന്മോഹന് സിംഗ് സര്‍ക്കാര്‍ രണ്ടാവം വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പ്രത്യേകിച്ച് പരസ്യമൊന്നും നല്‍കിയില്ലെന്നും രേഖയില്‍ പറയുന്നു. സര്‍ക്കാരിന്റെ വാര്‍ഷികങ്ങളില്‍ പരസ്യം നല്‍കുന്നത് സ്വഭാവികമാണെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ബിജെപി നേതാക്കളുടെ പക്ഷം.