മോദി പ്രഭാവത്തില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ അവരുടെ ജനപ്രീതിയില്‍ വന്‍ ഇടിവു സംഭവിച്ചതായി അഭിപ്രായ സര്‍വേ. സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് ‘ലോക്കല്‍ സര്‍ക്കിള്‍സ്’ നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ് മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നത്. 2018ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞു. ഏഴു ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കാത്തതും അവരുടെ പുരോഗതി സാധ്യമാക്കാത്തതും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കാത്തതും വില വര്‍ധനവ് നിയന്ത്രിക്കാത്തതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ സാധിക്കാത്തതുമാണ് മോദി സര്‍ക്കാരിന്റെ പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 22 മേഖലകളെക്കുറിച്ചാണ് സര്‍വേയില്‍ പ്രധാനമായും ചോദിച്ചിരുന്നത്.