ഇടിവെട്ടിയവന്റെ തലയിൽ പാന്പ് കടിച്ചതു പോലെ
സി.എസ്. അജ്മൽ
(വ്യാപാരി വ്യവസായി ഏകോപന സമിതി മുവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ്)
നോട്ടു നിരോധനത്തിനു പിന്നാലെ ജിഎസ്ടി നടപ്പിലാക്കിയതിനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ ഇടി വെട്ടിയവന്റെ തലയിൽ പാന്പ് കടിച്ചവന്റെ അവസ്ഥയാണ് സംജാതമായിട്ടുള്ളത്. നോട്ടം നിരോധനം ഇടിവെട്ടിയതാണെങ്കിൽ ജിഎസ്ടി പാന്പു കടിച്ചതിനു തുല്യമാണ്. അടിസ്ഥാനമൊന്നും ഒരുക്കാതെ ഇവ രണ്ടും വേഗത്തിൽ നടപ്പിലാക്കിയതാണു വിഷയങ്ങൾക്കെല്ലാം കാരണം. ജിഎസ്ടി എന്താണെന്നു ഇതുവരെ വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കുപോലും പിടികിട്ടിയിട്ടില്ല. നോട്ട് നിരോധനം വന്നതോടെ ആളുകൾ കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിൽതന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ലക്ഷകണക്കിനു രൂപയുടെ സാധനങ്ങളാണു വ്യാപാരികൾ എത്തിച്ചിരുന്നതെങ്കിലും ഇവയിൽ പലതും വിറ്റുപോയിട്ടില്ല.
ഭൂമി ഇടപാട് കുറഞ്ഞു
കെ.എ. ഗോപകുമാർ (വ്യാപാരി വ്യവസായി ഏകോപന മൂവാറ്റുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി)
വിപണിയിൽ മിക്ക സാധനങ്ങൾക്കും വില കൂടിയതല്ലാതെ വില കുറവ് കാണാൻ കഴിയില്ല. വളരെ ചുരുക്കം സാധനങ്ങൾക്കുമാത്രമാണു വില കുറഞ്ഞിട്ടുള്ളത്. ബ്രാൻഡഡ് കന്പനികളുടേത് ഉൾപ്പെടെയുള്ളവയ്ക്കു വില കുറയുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അതും ഉണ്ടായില്ല. നോട്ട് നിരോധനം വന്നതോടെ ഭൂമിയിടപാട് വളരെ കുറഞ്ഞു. സ്ഥലത്തിനു വില കുറഞ്ഞതിനാൽ വിൽപ്പന നടത്തുവാൻ പലരും തയ്യാറാകുന്നില്ല. മുൻ കാലങ്ങളെ അപേക്ഷിച്ച് ആധാരങ്ങളുടെ എണ്ണം പകുതിയിൽ താഴെയായി മാറുകയും ചെയ്തു.
ഇടത്തരം ഹോട്ടലുകാരുടെ നടുവൊടിഞ്ഞു,30 ശതമാനം കച്ചവടം കുറഞ്ഞു
എൻ.സുഗുണൻ (കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി)
കോഴിക്കോട്: നോട്ടുനിരോധനം മൂലം ഉണ്ടായ പ്രതിസന്ധിയിൽനിന്നും കരകയറുന്പോഴാണ് ജിഎസ്ടിയുടെ വരവ്. 40 ശതമാനത്തോളം നഷ്ടമാണ് നോട്ടുനിരോധനം മൂലം ഉണ്ടായത്. അത് 20 ശതമാനമായി കുറച്ചുകൊണ്ടുവരുന്പോഴാണ് ജിഎസ്ടി പ്രതിസന്ധി സൃഷ്ടിച്ചതെന്ന് സുഗുണൻ പറഞ്ഞു. ഇടത്തരം ഹോട്ടലുകളാണ് ഏറ്റവും വലിയ പ്രതിസന്ധിനേരിടുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം അടുത്ത കാലത്തായി അന്പതു ഹോട്ടലുകളാണ് പൂട്ടിയത്. പലയിടത്തും രാത്രി കാലങ്ങളിൽ ജിഎസ്ടിയുടെ പേരിൽ ഹോട്ടലുടമകളും ആളുകളും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. പല ഹോട്ടലുകളും ജിഎസ്ടി നടപ്പിലാക്കാൻ തന്നെ പേടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് നടന്ന വ്യാപാരികളുടെ സമ്മേളനത്തിൽ 30 ശതമാനം ബിസിനസ് കുറഞ്ഞതായാണ് എല്ലാവ്യാപാരികളും പറഞ്ഞത്. മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ല. രജിസ്റ്റർ ചെയ്യാത്തവർ പോലും ജിഎസ്ടി ഈടാക്കുന്നതായി വെറുതേ പ്രചരിപ്പിക്കുകയാണ്. ജില്ലയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ രീതിയിൽ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. അതേസമയം ചില ഹോട്ടലുകളിൽ അവയുടെ ‘പെരുമ’കൊണ്ട് പണം നോക്കാതെ ആളുകൾ എത്തുന്നുണ്ട്.
തടിച്ചുകൊഴുക്കുന്നത് മൾട്ടി നാഷണൽ കന്പനികൾ
കെ. സേതുമാധവൻ (വ്യാപാരി വ്യവസായി എകോപനസമിതി സംസ്ഥാന സെക്രട്ടറി)
ജിഎസ്ടിയുടെയും നോട്ടുനിരോധനത്തിെൻ്റയും പേരിൽ രാജ്യം കൂപ്പുകുത്തുന്പോൾ തടിച്ചുകൊഴുക്കുന്നത് മൾട്ടി നാഷണൽ കന്പനികളാണെന്ന് സേതുമാധൻ അഭിപ്രായപ്പെട്ടു. സന്പദ് വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനോ കച്ചവടക്കാർക്കോ യാതൊരു ഗുണവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, വ്യാപാരികൾ കടകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലോകരാജ്യങ്ങളിലെല്ലാം പരാജയപ്പെട്ട സംവിധാനമാണ് ജിഎസ്ടി. കോഴിയിറച്ചിയുടെ കാര്യത്തിൽ പോലും സംസ്ഥാനത്ത് ഉദ്ദേശിച്ച വിലക്കുറവുണ്ടായിട്ടില്ല.
നിർദേശങ്ങൾ അപ്രായോഗികം, സാന്പത്തിക വളർച്ചയെ ബാധിച്ചു
മുഹമ്മദ് സുഹൈയൽ (റഹ്മത്ത് ഹോട്ടൽ , കോഴിക്കോട്
പൊതുജനങ്ങൾക്ക് ഇപ്പോഴും ജിഎസ്ടി എന്തെന്ന് മനസിലായിട്ടില്ല.പുതിയ നിർദേശ പ്രകാരം എസി ഹോട്ടലുകളിൽ എസി ഇല്ലാത്തമുറികളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും പാഴ്സൽ വാങ്ങുന്നതിനും 18 ശതമാനം നികുതി ഈടാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.ഇത് ജനങ്ങൾ എത്രമാത്രം അംഗീകരിക്കും.? മാത്രമല്ല സംസ്ഥാനത്തൊട്ടുക്കും നാലിലൊന്നായി കച്ചവടം കുറയുന്ന അവസ്ഥയാണുള്ളത്.അതിന്റെ പ്രതിഫലനം സാന്പത്തികരംഗത്തും ഉണ്ടാകും.അപ്രായോഗിക നിർദേശങ്ങളാണ് ജിഎസ്ടിയിലുള്ളത്.അതിനാപ്പം നോട്ടുനിരോധനവും ജിഎസ്ടിയെ പിന്നോട്ടടിച്ചതായി മുഹമ്മദ് പറഞ്ഞു.