പിഎം നരേന്ദ്രമോദി എന്ന സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് നിര്‍ത്തി വച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വീരപരിവേഷം നല്കുന്ന ചിത്രമായതിനാലാണ് അത് തടഞ്ഞത്. എന്നാല്‍ സിനിമയില്‍ കാണിക്കുന്ന അതേ രീതിയിലുള്ള, അല്ലെങ്കില്‍ അതിനേക്കാള്‍ കുറച്ചുകൂടി മുകളിലുള്ള വീരപരിവേഷമാണ് നരേന്ദ്രമോദി എന്ന നേതാവിന് അദ്ദേഹത്തിന്റെ ജന്മനാട്ടിലുള്ളതെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
ജന്മനാട്ടില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വീര പരിവേഷമാണ് ഗുജറാത്തില്‍ ബിജെപി പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് വോട്ടു തേടുന്നത്. മോദിയോടുള്ള നാട്ടുകാരുടെ പ്രത്യേക ഇഷ്ടമാണ് മുമ്പും അവര്‍ക്ക് അനുകൂല ഘടകമായത്.
ശര്‍മ്മിഷ്ഠ തടാകത്തിന്റെ തീരത്താണ് പ്രധാനമന്ത്രിയുടെ ജന്മനാട് വട് നഗര്‍. ബാലനായ നരേന്ദ്ര ചീങ്കണ്ണിയെ പിടിച്ചു കൊണ്ടുവരുന്ന കഥയൊക്കെ പ്രായമാവര്‍ ഇപ്പോഴും പറയും. തൊട്ടു ചേര്‍ന്ന് വട് നഗര്‍ റയില്‍വേ സ്റ്റേഷന്, ചായ് പെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട ആ ചായക്കട ഇപ്പോഴുമുണ്ട്. താനൊരു ചായക്കടക്കാരന്റെ മകനാണെന്ന് മോദി പറയുന്ന അദ്ദേഹത്തിന്റെ പിതാവ് നടത്തിയിരുന്ന ചായക്കട. ഇവിടെയാണ് നരേന്ദ്ര ഭായ് ചായ വിറ്റിരുന്നത്. പിതാവിന്റെ ചായക്കടയില്‍ അദ്ദേഹം വരുമായിരുന്നു. നാട്ടുകാര്‍ പറയുന്നതാണിതൊക്കെ.
ഇതൊക്കെ തള്ളാണെന്ന് എതിരാളികള്‍ പറഞ്ഞാലും പ്രധാനമന്ത്രിയായി മോദി വരണമെന്നത് ഗുജറാത്തികളുടെ വികാരമാണ്. ബിജെപി സ്ഥാനാര്‍ഥികളെ അധികമൊന്നും കാണാനില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരസ്യ ബോര്‍ഡുകളില്‍ പോലും മോദിമയമാണ്. ഗുജറാത്തിലെ മുഴുവന്‍ ലോക്സഭാ സ്ഥാനാര്‍ത്ഥികളും നരേന്ദ്രമോദിയ്ക്കുവേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇരുപത്താറ് മണ്ഡലങ്ങളിലും മത്സരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ചുരുക്കം.