സ്വന്തം ലേഖകൻ
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മുണ്ടും നേര്യതുപോലുള്ള ഷാളും ധരിച്ച് തനി കേരളീയ വേഷമണിഞ്ഞാണ് മോദി എത്തിയത്. ക്ഷേത്രം തന്ത്രി അടക്കമുള്ള ഭാരവാഹികൾ പൂർണകുംഭം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനുശേഷം അദ്ദേഹത്തിനുവേണ്ടി താമരപ്പൂക്കൾകൊണ്ട് തുലാഭാരവും നടത്തി. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചു.
ക്ഷേത്രത്തിനകത്തേക്ക് വാഹനം ഏർപ്പെടുത്തിയിരുന്നെങ്കിലും നടന്നാണ് അദ്ദേഹം ക്ഷേത്രത്തിലേക്കു പ്രവേശിച്ചത്. കൈകൾ കൂപ്പി ക്ഷേത്രത്തിലേക്കു നടന്നുകൊണ്ടിരുന്നപ്പോൾ ദൂരെ കാത്തുനിന്ന് ജനങ്ങൾ മോദിക്കു ജയ് വിളിച്ചു. ദർശനം നടത്തുന്നതിനാൽ അദ്ദേഹം ജനങ്ങൾ പ്രത്യഭിവാദ്യം ചെയ്തില്ല.
ഗവർണർ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.ബി. മോഹൻദാസ് തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഒരു മണിക്കൂർ മോദി ക്ഷേത്രത്തിൽ ഉണ്ടാകുമെന്നാണു കരുതിയതെങ്കിലും 40 മിനിറ്റുകൊണ്ട് ദർശനവും തുലാഭാരവും പൂർത്തിയാക്കി അദ്ദേഹം പുറത്തിറങ്ങി.
ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മോദി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തി വസ്ത്രം മാറ്റിയാണ് കേരളീയവേഷത്തിൽ ക്ഷേത്രദർശനത്തിനെത്തിയത്.