നിയാസ് മുസ്തഫ
വിവിഐപി മണ്ഡലമാണ് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം. ഇത്തവണയും നരേന്ദ്രമോദി വാരാണസിയിൽനിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ മോദിയോട് മുട്ടാനെത്തുന്ന എതിരാളി ആരെന്ന ചോദ്യം ഉയരുന്നു.എസ്പി-ബിഎസ്പി സഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞതോടെ സമാജ് വാദി പാർട്ടിക്കാണ് വാരാണസി മണ്ഡലം നൽകിയിരിക്കുന്നത്.
മോദിക്കെതിരേ മത്സരിക്കുമെന്ന് ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവായ ഹർദിക് പട്ടേൽ മാസങ്ങൾക്കുമുന്പേ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ഹർദിക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതോടെ എസ്പി സ്ഥാനാർഥി ആയി വാരാണസിയിൽ ഹർദിക് മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നു. എന്നാൽ കളം മുറുകിയതോടെ ഹർദിക് പട്ടേൽ മുൻനിലപാട് മാറ്റുകയാണ്. സമാജ് വാദി പാർട്ടിയിലേക്കല്ല, കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാനാണ് ഹർദിക്കിന്റെ തീരുമാനം.
ഗുജറാത്തിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാംനഗറിൽനിന്ന് കോൺഗ്രസിനു വേണ്ടി ഹർദിക് ജനവിധി തേടുമെന്നാണ് സൂചനകൾ വരുന്നത്. അങ്ങനെയെങ്കിൽ വാരാണസിയിൽ മോദിക്കെതിരേ ആരായിരിക്കും എതിരാളി ആയി മത്സരിക്കുക എന്നത് ഏവരും ഉറ്റുനോക്കുകയാണ്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർഥി മത്സരിക്കുന്നതിനാൽ കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യത കുറവാണ്. കാരണം മോദി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകരുതെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ട്. അതിനാൽ എസ്പി സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണച്ചേക്കും.
അമേത്തിയിലും റായ്ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർഥിയെ നിർത്തിയിട്ടില്ലായെന്നതും കോൺഗ്രസിനെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, 2014ൽ കോൺഗ്രസിനു വേണ്ടി മത്സരിച്ച അജയ് റായിക്ക് ആകെ നേടാനായത് 75,614 വോട്ടുകൾ മാത്രമാണെന്നതും ഒാർക്കണം. എന്നാൽ, രാജ്യം ഉറ്റുനോക്കുന്ന വിവിഐപി മണ്ഡലത്തിൽ മോദിക്കെതിരേ മത്സരിക്കുന്നത് എസ്പി സ്ഥാനാർഥി ആണെങ്കിലും പ്രതിപക്ഷ കക്ഷികളുടെ കൂടെ അഭിപ്രായം സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിക്കും.
ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ കൂട്ടായൊരു തീരുമാനമെടുക്കും. മോദിയെ പരാജയപ്പെടുത്തിയില്ലെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം കുറയ്ക്കുക എന്നതു പ്രധാനമാണ്. ഇതിനു പ്രാപ്തിയുള്ള സ്ഥാനാർഥിയെ ആയിരിക്കണം മോദിക്കെതിരേ നിർത്തുക. അതുകൊണ്ട് തന്നെ മികച്ചൊരു സ്ഥാനാർഥിയെ വാരാണസിയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രതിപക്ഷം.
ഏഴു ഘട്ടങ്ങളിലായി നടത്തുന്ന പൊതുതെരഞ്ഞെടുപ്പിൽ അവസാന ഘട്ടമായ മേയ് 19നാണ് വാരാണസിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനാൽ സ്ഥാനാർഥിയെ കണ്ടെത്താൻ ഇനിയും സമയമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.
2014ൽ ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാളായിരുന്നു മോദിയുടെ എതിരാളി. അന്ന് നരേന്ദ്രമോദി 5,81,022 വോട്ടുകൾ നേടിയപ്പോൾ അരവിന്ദ് കേജ്രിവാൾ 2,09,238 വോട്ടുകൾ നേടി. 3,71,784 ആയിരുന്നു മോദിയുടെ ഭൂരിപക്ഷം.
അതേസമയം, ഹർദിക് പട്ടേൽ നാളെ കോൺഗ്രസിന്റെ അംഗത്വമെടുക്കും.
അഹമ്മദാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുക്കാനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് ഹർദിക് പട്ടേൽ അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.