നിയാസ് മുസ്തഫ
പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയിൽ തന്നെ മത്സരിക്കും. ഇതോടെ വാരാണസി വീണ്ടും വിവിഐപി മണ്ഡലമായി മാറുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെയും സമാജ് വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും ഒത്തുചേരലിലൂടെയും ഉത്തർപ്രദേശിൽ പ്രതിസന്ധി നേരിട്ട ബിജെപിക്ക് മോദിയുടെ സാന്നിധ്യം കൂടുതൽ ആത്മവിശ്വാസം പകരും.
2014ൽ വാരാണസി കൂടാതെ ഗുജറാത്തിലെ വഡോദരയിലും മോദി ജനവിധി തേടിയിരുന്നു. രണ്ടിടത്തും വിജയിച്ച മോദി വഡോദരയിലെ എംപി സ്ഥാനം രാജിവച്ച് വാരാണസിയിലെ എംപിയായി തുടരുകയായിരുന്നു. വഡോദരയിൽ കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രിയേയും വാരാണസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെയുമാണ് തോൽപ്പിച്ചത്.
ഇത്തവണത്തെ പ്രത്യേകത മോദി വാരാണസി മണ്ഡലത്തിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്നതാണ്. മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് താല്പര്യമുണ്ടെങ്കിലും വാരാണസിയിൽ മാത്രം മത്സരിച്ചാൽ മതിയെന്ന നിലപാടാണ് മോദിക്ക്. തന്നെ ഒരിക്കലും വാരാണസി ചതിക്കില്ലായെന്ന് മോദി ഉറച്ചു വിശ്വസിക്കുന്നു. 2014ൽ 3,71,784വോട്ടുകൾക്കാണ് മോദി ഇവിടെ വിജയിച്ചത്. 5,81,022 വോട്ടുകൾ നരേന്ദ്രമോദി നേടിയപ്പോൾ അരവിന്ദ് കേജ്്രിവാൾ 2,09,238 വോട്ടുകൾ നേടി.
എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിക്ക് മോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മത്സരിച്ച ഗോരഖ് പൂരും ഉൾപ്പെടെയുള്ള കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് കോൺഗ്രസ് പാർട്ടി നൽകിയിരിക്കുന്നത്. നരേന്ദ്രമോദിയേയും യോഗി ആദിത്യനാഥിനെയും തളയ്ക്കുക എന്ന ലക്ഷ്യമാണ് ഇതുവഴി കോൺഗ്രസ് പ്രിയങ്കയ്ക്കു നൽകിയിരിക്കുന്നത്.
എന്നാൽ പ്രിയങ്ക ഉയർത്തുന്ന വെല്ലുവിളികൾ സ്വീകരിച്ചുകൊണ്ടാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. വാരാണസിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിലേക്ക് ഇല്ലായെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെ ആരായിരിക്കും മോദിയുടെ എതിരാളി എന്ന നിലയിൽ ചർച്ച തുടങ്ങി.
പട്ടേൽ സമുദായത്തിന്റെ നേതാവായ ഹർദിക് പട്ടേൽ മോദിക്കെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുന്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും ഹർദിക് നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഹർദിക്കിനെ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ്പി-ബിഎസ്പി സഖ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ പിന്തുണയ്ക്കാനാണ് സാധ്യത.
അതേസമയം, മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹത്തിലാണ്. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിൽ ഇവർ വീണ്ടും തെരഞ്ഞെടുപ്പ്ഗോദയിൽ ഇറങ്ങും. ഇത്തവണയും ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് അദ്വാനി മത്സരിക്കാനാണ് നീക്കം.
അദ്വാനി മത്സരിച്ചാൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയയാളായി അദ്വാനി മാറും. ജനതാദൾ യുണൈറ്റഡിന്റെ രാം സുന്ദർ ദാസ് ആണ് നിലവിലെ ഏറ്റവും പ്രായം കൂടിയയാൾ. 2009ൽ 88-ാം വയസിൽ മത്സരിച്ച് 93-ാം വയസിൽ രാം സുന്ദർ ദാസ് വിരമിച്ചു.
അദ്വാനിയെക്കൂടാതെ 84 വയസുള്ള മുരളി മനോഹർ ജോഷി, 85വയസുള്ള ശാന്തകുമാർ, 77വയസുകാരായ കൽരാജ് മിശ്ര, ഭഗത് സിംഗ് കോശ്യാരി എന്നിവരും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം പ്രായക്കൂ ടതലുള്ളവരാണെങ്കിലും ഇവരുടെ അനുഭവ സന്പത്ത് ബിജെപി ആഗ്രഹിക്കുന്നുണ്ട്. നേരത്തെ മുരളി മനോഹർ ജോഷിയുടെ മണ്ഡലമായിരുന്നു വാരാണസി. മോദിക്കുവേണ്ടി 2014ൽ അദ്ദേഹം കാൺപൂരിലേക്ക് മാറുകയായിരുന്നു.