2000ന്റെ കറന്സി ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന് പ്രിന്സിപ്പല് സെക്രട്ടറി നൃപേന്ദ്ര മിശ്ര.
നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാല് ചെറിയ നോട്ടുകള് അച്ചടിക്കാന് സമയമില്ലെന്നു ബോധ്യപ്പെടുത്തിയതിനെത്തുടര്ന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന് അനുമതി നല്കിയതെന്ന് മിശ്ര പറഞ്ഞു.
രണ്ടായിരത്തിന്റെ നോട്ടുകള് പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎന്ഐയ്ക്കു നല്കിയ അഭിമുഖത്തില് നൃപേന്ദ്ര മിശ്ര പറഞ്ഞു.
ഇടപാടു മൂല്യത്തേക്കാള് പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. അതിനാല് മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന് മോദി അനുമതി നല്കിയത്.
നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്ക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകള് ഇറക്കാനായിരുന്നു തീരുമാനം.
ചെറിയ നോട്ടുകള് അച്ചടിച്ച് നിരോധിച്ച നോട്ടുകള്ക്കു പകരമെത്തിക്കാന് ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിര്ദേശം പ്രധാനമന്ത്രിക്കു മുന്നില് വച്ചത്.
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നും രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയാല് പൂഴ്ത്തിവയ്പു സാധ്യത കൂടുകയാണ് ചെയ്യുക എന്നുമായിരുന്നു മോദിയുടെ പ്രതികരണം. നൃപേന്ദ്ര മിശ്ര പറഞ്ഞു.