ഹിമാലയ വാസത്തിന്റെയും വന വാസത്തിന്റെയും കഥകള്‍ക്കും വിവരണങ്ങള്‍ക്കും ശേഷം തന്റെ ജീവിതത്തിലെ പുതിയൊരധ്യായം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ നാലാം ഭാഗത്തിലാണ് മോദി ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് തന്റെ ജോലിയെന്താണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നെന്നും പ്രധാനമന്ത്രി അഭിമുഖത്തിനിടെ പറയുന്നുണ്ട്. ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായും മോദി പറഞ്ഞു.
ജീവിതത്തിലൊരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. അമ്മയുടെ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. തന്റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും മോദി വ്യക്തമാക്കി.
‘നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക് ഉറപ്പു നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞത്’
പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാള്‍ സത്യസന്ധനായിരിക്കാന്‍ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നതുമാണു പ്രധാനമെന്നും മോദി പറഞ്ഞു.
ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളില്‍ കുട്ടിക്കാലവും ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണു പ്രധാനമന്ത്രി വിവരിച്ചിരുന്നത്.