പത്തനംതിട്ട: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണെന്നും കാട്ടുതീപോലെ എല്ലാവരെയും ഇത് വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് ധാർഷ്ട്യവും ദുരഭിമാനവുമാണ്. കുടുംബാധിപത്യം കൊണ്ടുവരാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭരണത്തിൽ അടിമുടി അഴിമതിയാണ്.
ഇക്കാര്യത്തിൽ ഇരുമുന്നണികളും തമ്മിൽ മത്സരമുണ്ട്. അധികാരത്തിനായി ഇരുമുന്നണികളും വർഗീയ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എൻഡിഎയ്ക്ക് അനുകൂലമായി കഴിഞ്ഞു. ഇ.ശ്രീധരന്റെ വരവോടെ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകും.
ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ ഇവിടെ കൂടിയിരിക്കുന്ന ജനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാംസ്കാരിക തനിമ എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. പുഷ്പങ്ങൾ നൽകി സ്വീകരിക്കേണ്ട അയ്യപ്പഭക്തരെ ലാത്തികൊണ്ടാണ് സർക്കാർ എതിരേറ്റത്.
ഏതെങ്കിലും സർക്കാർ സ്വന്തം ജനങ്ങളെ മർദ്ദിക്കുമോ. നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ഇടത് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രി ശരണംവിളിയോടെയാണ് പ്രസംഗം തുടങ്ങിയത്.
കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ എന്നിവർക്ക് പുറമേ സമീപ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിയുടെ പൊതുയോഗത്തിന് എത്തിയിരുന്നു.