2012 ലെ കരാറിനേക്കാള്‍ 40 ശതമാനം കൂടുതലാണ് എന്‍ഡിഎ കരാര്‍ പ്രകാരം റഫാല്‍ പോര്‍ വിമാനങ്ങള്‍ക്ക്! 2016 ലെ കരാറിലൂടെ ഉണ്ടായത് 40 ശതമാനം അധിക ബാധ്യതയെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

സുപ്രീംകോടതി ചോദിച്ചിട്ടുപോലും സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയാറാവാത്തതാണ് റഫാല്‍ വിമാനങ്ങളുടെ യഥാര്‍ത്ഥ വില. എന്നാല്‍ ഇപ്പോഴിതാ റഫാല്‍ കരാറിന്റെ വിശദാംശങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നു.

2012ല്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് ഉണ്ടായിരുന്ന റഫാല്‍ കരാറിനെ അപേക്ഷിച്ച് 2016ലെ കരാറില്‍ 40 ശതമാനം അധിക ബാധ്യത വന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്യുന്നത്.

വിമാനങ്ങളുടെ വില ഉള്‍പ്പെടെ റഫാല്‍ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തമാസം പത്തിനകം സമര്‍പ്പിക്കണെമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

2012ല്‍ ഡാസോള്‍ട്ട് 155 ദശലക്ഷം യൂറോക്ക് (ഏകദേശം 1273.70 കോടി രൂപയ്ക്ക്) മീഡിയം മള്‍ട്ടിറോള്‍ കോംപാറ്റ് എയര്‍ക്രാഫ്റ്റ് ( എംഎംആര്‍സിഎ ) എയര്‍ക്രാഫ്റ്റ് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ വിവിധോദ്ദേശ മധ്യദൂര പോര്‍വിമാനങ്ങള്‍ ഓരോന്നിനും 217 ദശലക്ഷം ഡോളറിന് (ഏകദേശം 1766.74 കോടി രൂപ) കൈമാറാമെന്ന കരാറാണ് 2016ല്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്.

2012 ലെ പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരായിരുന്ന രണ്ട് മുതിര്‍ന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

2012ല്‍ ആകെ 19.5 ബില്യന്‍ യൂറോക്ക് 126 റഫാല്‍ പോര്‍വിമാനങ്ങളാണ് ഡാസോള്‍ട്ട് ഇന്ത്യക്ക് നല്‍കാമെന്നേറ്റിരുന്നത്. 2012ലെ വിനിമയ നിരക്ക് പ്രകാരം ഓരോ പോര്‍വിമാനത്തിനും ഏകദേശം 1,000 കോടി രൂപയാണ് വിലയുണ്ടായിരുന്നത്. .

എന്‍ഡിഎ കരാര്‍ പ്രകാരം 36 റഫാല്‍ പോര്‍ വിമാനങ്ങളാണ് പൂര്‍ണ്ണമായും സജ്ജമായ ശേഷം ഡാസോള്‍ട്ട് കൈമാറുക. ഇതിനു മാത്രം 7.8 ബില്യണ്‍ യൂറോ നല്‍കണം. അതായത് ഓരോ പോര്‍വിമാനത്തിനും ഏകദേശം 217 ദശലക്ഷം യൂറോ. ഇത് 2012ലെ കരാറനേക്കാള്‍ 40 ശതമാനം കൂടുതലാണിത്. 2016 ലെ കറന്‍സി വിനിമയ നിരക്കുകള്‍ക്കനുസരിച്ച് കണക്കാക്കിയാല്‍ പോലും ഒരു റഫാല്‍ പോര്‍വിമാനത്തിന് ഏകദേശം 1,600 കോടി രൂപവരും.

Related posts