സുപ്രീംകോടതിയുടെ ചരിത്ര വിധി നടപ്പിലായത്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനക്കുറിപ്പ് ചര്‍ച്ച ചെയ്യേണ്ടതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം

സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയാണ്, ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളുടെ ശബരിമല പ്രവേശനത്തിലൂടെ നടപ്പിലായിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 28 നാണ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവായത്.

സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായും ജസ്റ്റിസ് നിരമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് , ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിലയിരുത്തിയിരുന്നു.

ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ശബരിമല പ്രവേശനത്തില്‍ വിയോജിപ്പ് അറിയിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനായിരുന്നു പ്രധാന ഹര്‍ജിക്കാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ ഓഗസ്റ്റില്‍ വാദം നടക്കുകയും ചെയ്തു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച് വായിക്കേണ്ടതാണെന്നും അത് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണെന്നും പുനപരിശോധിക്കേണ്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Related posts