ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോട്ടൽ ബില്ലിനെച്ചൊല്ലി വിവാദം. പ്രൊജക്ട് ടൈഗറിന്റെ 50 വർഷത്തെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് മോദി മൈസൂരുവിലെത്തിയത്. ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടായിരുന്നു.
ഈ ഘട്ടത്തിൽ പ്രോജക്റ്റ് ടൈഗർ പദ്ധതി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൂർണമായും ഒരു കേന്ദ്ര സർക്കാർ പരിപാടിയായി അതു മാറിയിരുന്നു.മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയിൽനിന്നു ലഭിക്കണം.
ഇതിനായി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്ക് സംസ്ഥാന വനംവകുപ്പ് കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ തിരികെ നൽകണമെന്ന് അവർ അറിയിച്ചു.
സംഭവം വിവാദമായതോടെ പണം നൽകുമെന്നു കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പാരമ്പര്യമാണ്.
മാതൃകാ പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.