റോഡ് ഷോ അല്ലെങ്കില്‍ റിവര്‍ ഷോ! റോഡ് ഷോ നടത്താന്‍ അഹമ്മദാബാദ് പോലീസ് അനുമതി നിഷേധിച്ചു; സബര്‍മതി നദിയിലൂടെ ജലവിമാനത്തില്‍ പറന്ന് നരേന്ദ്രമോദി; ചിത്രങ്ങളും വീഡിയോയും വൈറല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ പുതിയ മാര്‍ഗം കണ്ടെത്തി, പരീക്ഷിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി. സബര്‍മതി നദിയിലൂടെ സീപ്ലെയ്ന്‍ (ജലവിമാനം) പറപ്പിച്ചായിരുന്നു മോദിയുടെ ഇത്തവണത്തെ ഷോ. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. സബര്‍മതി നദിയില്‍ ആദ്യമായാണ് ജലവിമാനം ഇറക്കുന്നത്. സബര്‍മതി നദിയിലൂടെ ജലവിമാനം പറപ്പിക്കുന്നതായി മോദി തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു.

ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക’ മോദി പറഞ്ഞു. എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ജലവിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞിരുന്നു. അംബോജിയില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങുകയും ചെയ്തു. അഹമ്മദാബാദില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നടത്താനിരുന്ന റോഡ് ഷോയ്ക്ക് അഹമ്മദാബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും മുന്‍നിര്‍ത്തിയായിരുന്നു നടപടി.

Related posts