ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തിക നില ഭദ്രമല്ലെന്ന് അത്യുന്നത തലങ്ങളിലും ബോധ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ധനവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ഇതേപ്പറ്റി ചർച്ച നടത്തും. സാന്പത്തിക വളർച്ച കൂട്ടാനും തൊഴിൽ വർധിപ്പിക്കാനും പറ്റുന്ന ഉത്തേജക പരിപാടി തയാറാക്കുകയാണു ലക്ഷ്യം.
2008-ൽ യുപിഎ ഭരണകാലത്ത് അമേരിക്കയിലാരംഭിച്ച ആഗോള സാന്പത്തിക മാന്ദ്യത്തെ ഇന്ത്യ മറികടന്നതു പ്രത്യേക ഉത്തേജക പദ്ധതി നടപ്പാക്കിയാണ്. ധനകമ്മി കൂടിയെങ്കിലും ഡോ. മൻമോഹൻസിംഗിന്റെ ഗവൺമെന്റ് നടപ്പാക്കിയ ഉത്തേക പദ്ധതി ഇന്ത്യയെ മാന്ദ്യത്തിന്റെ ആഘാതത്തിൽനിന്നു രക്ഷിച്ചു.
അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ബാങ്കുകളുടെ തകർച്ച അടക്കം രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ഗവൺമെന്റ് ഭയപ്പെടുന്നു. സാന്പത്തിക (ജിഡിപി) വളർച്ച ഒരു വർഷം കൊണ്ട് 7.9 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്കു താണു, കയറ്റുമതി വർധിക്കുന്നില്ല. വാണിജ്യ കമ്മി ഇരട്ടിച്ചു. വിദേശനാണ്യ ഇടപാടുകളുടെ മിച്ചമായ കറന്റ് അക്കൗണ്ടിൽ ഭീമമായ കമ്മി വന്നു. ജിഡിപിയുടെ 2.4 ശതമാനം വരുന്ന 1430 കോടി ഡോളറാണ് കമ്മി. ഇത് അപായകരമായ നിലയാണ്.
വ്യവസായ ഉല്പാദനം 1.2 ശതമാനമേ വളർന്നിട്ടൂള്ളൂ.റിസർവ് ബാങ്കിൽ നിന്നുള്ള ലാഭവീതം പകുതിയിൽ താഴെയായി. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പത്തുശതമാനത്തിലേക്കു വർധിക്കും എന്നാണു സൂചന. ഇതോടെ ഇവയിൽനിന്നുള്ള ലാഭവീതവും നാമമാത്രമാകും. ജിഎസ്ടി നടപ്പാക്കിയതോടെ പരോക്ഷ നികുതി പിരിവ് കുറഞ്ഞു. പ്രത്യക്ഷ നികുതി പിരിവിൽ ഇതുവരെ വളർച്ച ഉണ്ടെങ്കിലും അതു തുടരണമെന്നില്ല. പല പ്രമുഖ വ്യവസായങ്ങളുടെയും ലാഭം കുറയുന്നതു ഗവൺമെന്റിനു നികുതി കുറയ്ക്കും.
തൊഴിൽ വർധിപ്പിക്കാൻ സഹായിക്കുന്ന വിധം മൂലധന നിക്ഷേപം വർധിക്കുന്നില്ല. പുതിയ പാപ്പർ പ്രഖ്യാപന കോഡ് നടപ്പാക്കിയതോടെ ഒട്ടേറെ കന്പനികൾ അടച്ചുപൂട്ടലിലേക്കു നീങ്ങി. ഇതു തൊഴിൽ നഷ്ടപ്പെടുത്തുക മാത്രമല്ല ബാങ്കുകൾക്കു നഷ്ടവും വരുത്തും. പല വലിയ കന്പനികളും വില്പനയിലേക്കു നീങ്ങുകയാണ്. വാങ്ങുന്നവർ ബാങ്കുകളുടെ കടം വീട്ടാനുള്ള തുക നല്കണമെന്നില്ല.
കറൻസി റദ്ദാക്കലിനെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം ജിഎസ്ടി നടപ്പാക്കലോടെ രൂക്ഷമാവുകയാണെന്നാണു സൂചന. ഇതിനിടെ രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ബാങ്കുകൾ പൊളിയുകയും ഫാക്ടറികൾ പൂട്ടുകയും ചെയ്യുമെന്ന് അദ്ദേഹം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. അടിയന്തര പരിഹാര നടപടി എടുത്തില്ലെങ്കിൽ വൻ തകർച്ചയാണുണ്ടാവുക എന്നാണു സ്വാമി പറയുന്നത്.
സർക്കാർ പുറത്തുവിടുന്ന വളർച്ച കണക്കുകൾ ശരിയല്ലെന്നും അതിലും വളരെ താഴെയാണു വളർച്ച എന്നും സ്വാമി അവകാശപ്പെട്ടു.വായ്പാപലിശയും നിക്ഷേപ പലിശയും ഒന്പതു ശതമാനമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. വായ്പാ പലിശ കുറയുന്നതു മൂലധന നിക്ഷേപം കൂട്ടും. തൊഴിൽ ഉണ്ടാകും. നിക്ഷേപ പലിശ കൂടിയാൽ സന്പാദ്യശീലം കൂടും. സന്പാദ്യമാണു മൂലധനമായി മാറുന്നത്. അദ്ദേഹം പറഞ്ഞു.
ജിഡിപി വളർച്ച കൂപ്പുകുത്തി
2016 ഏപ്രിൽ – ജൂൺ 7.9 %
2017 ഏപ്രിൽ – ജൂൺ 5.7 %
2017-18 ലെ പ്രതീക്ഷ
6.5 % -ൽ താഴെ (എസ്ബിഐ റിസേർച്ച്)
6.8 % (ഐസിആർഎ)
കഴിഞ്ഞ വർഷങ്ങളിൽ വളർന്നത്
2014-15 7.5 %
2015-16 8 %
2016-17 7 %
കറന്റ് അക്കൗണ്ട് കമ്മി
(2017 ഏപ്രിൽ – ജൂൺ)
2.4 %
(മുൻ വർഷം 0.1 %)
ഏപ്രിൽ – ഓഗസ്റ്റ് വാണിജ്യകമ്മി
6310 കോടി ഡോളർ
(മുൻ വർഷം 3430 കോടി ഡോളർ).
വളർച്ചയെ ബാധിച്ചു: മൻമോഹൻ സിംഗ്
ന്യൂഡൽഹി: കറൻസി നിരോധിച്ചതും ഒരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ പിന്നോട്ടടിച്ചതായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്. രാജ്യത്തെ 90 ശതമാനം തൊഴിലുകളും നല്കുന്ന അനൗപചാരിക മേഖലയെ രണ്ടു നടപടികളും സാരമായി ഉലച്ചു. ചെറുകിട വ്യവസായങ്ങൾക്കും ആഘാതമായി: ഡോ. സിംഗ് ഒരു ടിവി ചാനലിൽ പറഞ്ഞു. ജിഡിപിയിൽ രണ്ടു ശതമാനം വരെ കുറവുണ്ടായെന്ന് ഏതാനും ദിവസം മുന്പ് മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞിരുന്നു.