ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ നാലര വർഷക്കാലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നിരത്തിയും പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കുകയും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്ന മോദിയാണ് ആൾക്കൂട്ട അക്രമം, റഫാൽ ഇടപാട്, സംവരണം, വനിതകളുടെ സുരക്ഷ, തൊഴിലവസരങ്ങൾ, ജിഎസ്ടി, അയൽബന്ധങ്ങൾ തുടങ്ങി പല വിഷയങ്ങളിലും സർക്കാർ കാഴ്ചപ്പാടും നേട്ടങ്ങളും വിശദീകരിച്ച് വാർത്താ ഏജൻസിയായ എഎൻഐക്കും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിനും അഭിമുഖങ്ങൾ നൽകിയത്.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സർക്കാർ ആസൂത്രിതമായി മുൻധാരണ പ്രകാരം തയാറാക്കിയതെന്ന് വ്യക്തമാകുന്ന തരത്തിലുള്ളതാണ് ഈ അഭിമുഖങ്ങൾ.
രണ്ട് അഭിമുഖങ്ങളിലെയും പ്രസക്ത ഭാഗങ്ങൾ താഴെ:
ആൾക്കൂട്ട കൊലപാതകം
ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ വേദനാജനകമാണ്. ഓരോ പൗരന്റെയും സ്വത്തും ജീവനും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. ആൾക്കൂട്ട അതിക്രമങ്ങളും കൊലപാതകവും തടയാൻ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണം.
റഫാൽ ഇടപാട്
ബോഫോഴ്സ് ഇടപാടിന്റെ പ്രേതബാധ പിന്തുടരുന്നതുകൊണ്ടാണ് കോണ്ഗ്രസ് അടിസ്ഥാനരഹിതമായും തെളിവുകൾ ഇല്ലാതെയും റഫാൽ ഇടപാടിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
റഫാൽ വ്യോമസേനയെ കരുത്തുറ്റതാക്കും. ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കരാറാണ്. അത് സത്യസന്ധവും സുതാര്യവുമാണ്. മറ്റാരോപണങ്ങൾ എല്ലാ ദേശവിരുദ്ധവും ആസൂത്രിതവും ആണെന്നു മോദി പറഞ്ഞു.
ആസാം പൗരത്വ രജിസ്ട്രേഷൻ
ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്റെ (എൻആർസി) പേരിൽ രാജ്യത്ത് ആഭ്യന്തര യുദ്ധവും രക്തച്ചൊരിച്ചിലും നടക്കുമെന്നാണു ചിലർ വിളിച്ചുപറയുന്നതെന്നു മമത ബാനർജിയെ വിമർശിച്ചു കൊണ്ട് മോദി പറഞ്ഞു.
കോണ്ഗ്രസും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് രാജീവ് ഗാന്ധി ഒപ്പുവച്ച ആസാം കരാറിൽനിന്നു തുട ങ്ങുന്നതാണ് എൻആർസി.
വനിതാ സുരക്ഷ
വനിതകൾക്കുനേരേയുള്ള അതിക്രമങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വനിതകളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരിനും സമൂഹത്തിനും കുടുംബത്തിനും വ്യക്തിക്കും ഒരേപോലെയാണ് ഉത്തരവാദിത്വം.
സംവരണം
ബിജെപി സംവരണം ഇല്ലാതാക്കുമെന്ന് ചില വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. സംവരണം നിലനിൽക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ, ദളിതർ, ഗോത്രവർഗങ്ങൾ, മറ്റു പിന്നോക്ക വിഭാഗക്കാർ എന്നിവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിന് സംവരണം ആവശ്യമാണ്.
കൊഴിഞ്ഞുപോക്ക്
എൻഡിഎ സഖ്യത്തിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനേക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ, അവിശ്വാസ പ്രമേയം പരാജയപ്പെട്ടതും രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ സർക്കാർ സ്ഥാനാർഥി ജയിച്ചതുമാണ് മോദി പറയുന്നത്. ബിജെപി അടിത്തറ വിശാലമായി വളർത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ കക്ഷികളെ എൻഡിഎ സഖ്യത്തിലേക്കു ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു.
രാഹുലിന്റെ കെട്ടിപ്പിടിത്തം
അതൊരു കുട്ടിക്കളിയായിരുന്നോ എന്ന് നിങ്ങൾതന്നെ വിലയിരുത്തേണ്ടതാണ്. ഓരോരുത്തർക്കും ഓരോ പെരുമാറ്റ ശൈലിയുണ്ട്. അതിൽ തനിക്കെന്തു ചെയ്യാൻ കഴിയും എന്നായിരുന്നു മോദിയുടെ പ്രതികരണം.
പ്രതിപക്ഷ ഐക്യം
അഴിമതിയുടെയും ഭരണത്തകർച്ചയുടെയും പേരിൽ അധികാരത്തിൽനിന്നു മാറ്റി നിർത്തപ്പെട്ടവരാണ് ഇപ്പോൾ ഒരുമിക്കാൻ ശ്രമിക്കുന്നത്. ഉയർന്നുവരുന്ന വിശാല സഖ്യം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല.
രാജ്യംവിട്ട മോദിമാർ
വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവർ വലിയ തട്ടിപ്പുകൾ നടത്തി രാജ്യം വിടാൻ കാരണം പഴയ സർക്കാരിന്റെ തെറ്റായ സമീപനങ്ങളാണ്. അത്തരം നിയമങ്ങൾക്ക് മാറ്റം വരുത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. പൊതുസ്വത്ത് തട്ടിച്ച് രക്ഷപ്പെടാൻ ആരെയും ഈ സർക്കാർ അനുവദിക്കുകയില്ല.
സോഷ്യൽ മീഡിയ
നിരവധി വ്യാജവാർത്തകളാണ് ഡിജിറ്റൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ മാധ്യമങ്ങളുടെ ഉടമകളുമായി കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾ തെറ്റായ സന്ദേശം പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ
തെരഞ്ഞെടുപ്പു വിജയത്തിൽ ഇമ്രാൻ ഖാനെ അഭിനന്ദിച്ചിരുന്നു. അയൽരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാകണമെന്നാണ് ആഗ്രഹം. പാക്കിസ്ഥാൻ ഭീകരതയ്ക്കും അക്രമത്തിനും എതിരായി സുരക്ഷിതവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിലേക്കു മാറുമെന്നു പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.
സെബി മാത്യു