വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചിലര്‍ ദൈവത്തേക്കാള്‍ അറിവുള്ളവരായി നടിക്കുന്നുണ്ട്, പ്രധാനമന്ത്രി അതിലൊരാളാണെന്ന് രാഹുല്‍ പറഞ്ഞു.
എല്ലാം അറിയാമെന്നാണ് അദ്ദേഹത്തിന്റെ ഭാവം, ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരെയും സൈനികരെയും വരെ ഉപദേശിക്കുമെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം.
മോദിയെ ദൈവത്തിന് സമീപം ഇരുത്തിയാല്‍ ലോകത്ത് എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദൈവത്തിന് വരെ പറഞ്ഞുകൊടുക്കും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നത് സംബന്ധിച്ച് ദൈവത്തിന് പോലും ആശയക്കുഴപ്പമുണ്ടാകുമെന്നും രാഹുല്‍ പരിഹസിച്ചു.
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഇതാണ് നടക്കുന്നത്. ബിജെപിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.
താന്‍ ഭാരത് ജോഡോ യാത്രയില്‍ കണ്ട ഭൂരിപക്ഷം ആളുകളും സ്നേഹമെന്ന ആശയം പങ്കുവച്ചവരാണ്. ഒരു വിഭാഗം ആളുകളാണ് രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലും മാധ്യമങ്ങളിലും വലിയ സ്വാധീനമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ സംസ്ഥാനത്തെയും സംസ്കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്‍എസ്എസും ബിജെപിയും ആക്രമിക്കുന്നത്. അതുവഴി ഭരണഘടനയെയും ആക്രമിക്കുകയാണ്.
വനിത സംവരണ ബില്‍ കോണ്‍ഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബില്ല് പാസാക്കുമെന്നും രാഹുല്‍ പറഞ്ഞു.