ഡിജിറ്റല്‍ മേഖലയിലെ ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെക്കുറിച്ചാണ് ജപ്പാനില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമായും ഊന്നിപ്പറഞ്ഞത്. അക്കൂട്ടത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞ ഒരു കാര്യം, രാജ്യത്ത് ഒരു ചെറിയ ബോട്ടില്‍ ശീതളപാനീയത്തേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു ജിബി ഡാറ്റ ലഭിക്കുമെന്നതാണ്.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്ത് വന്‍ കുതിപ്പിലാണ് ഇന്ത്യ. 2022 ആകുമ്പോഴേയ്ക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാവും. ഒരു കോടി തൊഴിലവസരങ്ങളും ഉണ്ടാവും. മോദി പറഞ്ഞു.
100 കോടിയിലധികം മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും ഗ്രാമങ്ങളിലെല്ലാം ബ്രോഡ്ബാന്‍ഡ് കണക്ടിറ്റിവിറ്റിയെത്തിക്കഴിഞ്ഞതായും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോദിയുടെ ഈ പ്രസ്താവന, രാജ്യത്ത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്.
ഡാറ്റ തിന്ന് വിശപ്പ് മാറ്റാന്‍ സാധിക്കുമെന്നാണോ രാജ്യത്തലവന്‍ കരുതുന്നത്, ദരിദ്രരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലേയ്ക്ക് കയറുന്നത് നേതാക്കള്‍ ശ്രദ്ധിക്കുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ ചോദിക്കുന്നത്.