മഥുര: പശുവെന്നും ഓം എന്നും കേൾക്കുന്പോൾ ചിലയാളുകൾ നിലവിളിക്കുന്നത് തീർത്തും നിർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നതായാണ് ഇത്തരക്കാർ ആരോപിക്കുന്നത്. എന്നാൽ പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഉത്തർപ്രദേശിലെ മഥുരയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ മറുപടി. പശു സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നത്. കന്നുകാലികളെ വളർത്തുന്നതിന്റെ അർഥമെന്താണെന്നും ഇത് സമ്പദ്വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നും ചിലർ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോൾ മോദി സംസാരിക്കുന്നത് പശുവിനെ കുറിച്ചാണെന്നായിരുന്നു വിമർശനം. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.