ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും കുടുംബാസൂത്രണം രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കേണ്ട സമയമായി. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. രാജ്യത്തെ മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ ആഗ്രഹങ്ങൾ ശരിയായി നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന് ആലോചിക്കണം. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയാൽ സന്തോഷത്തോടെ ഒരോ കുടുംബത്തിനും ജീവിക്കാൻ കഴിയുമെന്നും ചെറിയ കുടുംബങ്ങളാകും രാജ്യത്തിന്‍റെ വികസനത്തിന് സഹായമാവുക എന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനസംഖ്യാ വർധനവിനെ ജനസംഖ്യാ വിസ്ഫോടനം എന്നാണ് പ്രസംഗത്തിൽ മോദി പരാമർശിച്ചത്. ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപ് അതിനോട് നീതി പുലർത്താൻ കഴിയുമോ എന്ന് മാതാപിതാക്കൾ ചിന്തിക്കണം. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.