ബാലാകോട്ടില്‍ നടത്തിയ ആക്രമണം അവസാനത്തേതല്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദില്‍ സംസാരിക്കവെയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തെ സംബന്ധിച്ച് മോദി സംസാരിച്ചത്.
‘ഒരു ജോലി കഴിഞ്ഞെന്ന് കരുതി സര്‍ക്കാര്‍ ഉറങ്ങുകയില്ല. അടുത്തതിന് വേണ്ടി തയ്യാറെടുക്കും. ലോകത്തിന്റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ അവരുടെ വീട്ടില്‍ പോയി കൊല്ലുകയെന്നതാണ് നമ്മുടെ പദ്ധതി. വലിയ തീരുമാനങ്ങളെടുക്കുന്നതിന് ഇനി വൈകിക്കല്‍ ഉണ്ടാവില്ലെന്നും മോദി പറഞ്ഞു.
ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തെയും മോദി കുറ്റപ്പെടുത്തി. ഇന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതാണ് പാക് പത്രങ്ങളുടെ തലക്കെട്ടെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ബാലകോട്ട് ആക്രമണം നടത്തിയതെന്ന് പറയുന്നവര്‍ 2016ല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോയെന്നും ചോദിച്ചു. നേരത്തെ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയപ്പോഴും സമാനമായ രീതിയില്‍ മോദി സംസാരിച്ചിരുന്നു. ‘ഒരു പൈലറ്റ് പ്രൊജക്ട് അവസാനിച്ചെന്നും, ഇനി യഥാര്‍ത്ഥ പദ്ധതികള്‍ക്കുള്ള സമയമാണ്’ എന്നായിരുന്നു പ്രസ്താവന.