ന്യൂഡൽഹി: മാന്ദ്യത്തെക്കുറിച്ചും വ്യവസായ തകർച്ചയെ സംബന്ധിച്ചും പരാതി പറയുന്ന സംരംഭകർക്ക് ഉപദേശവുമായി മോദി സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. വ്യവസായ സ്ഥാപനങ്ങൾ ലാഭം എന്ന ലക്ഷ്യവും നഷ്ടങ്ങൾ സംബന്ധിച്ച് സമൂഹത്തോടു പറയുന്ന സമീപനവും അവസാനിപ്പിക്കണമെന്നാണ് സുബ്രഹ്മണ്യത്തിന്റ ഉപദേശം.
സ്വകാര്യ മേഖല ലാഭം മാത്രം എന്ന ലക്ഷ്യത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. നഷ്ടങ്ങൾ നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ആനുകൂല്യങ്ങൾ തേടുന്നതും നല്ല രീതിയല്ല. ഉപഭോഗമല്ല, നിക്ഷേപം മാത്രമാണ് സാന്പത്തിക വ്യവസ്ഥയെ വളർത്തുന്നതെന്നും സുബ്രഹ്മണ്യം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സാന്പത്തിക നയങ്ങൾക്കെതിതിരേ കോർപ്പറേറ്റ് ലോകത്തിന്റെയും സാന്പത്തികവിദഗ്ധരുടേയും വിമർശനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം.