ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്ട്രപതിഭവനിൽ പൂർത്തിയായി. രാഷ്ട്രപതിഭവൻ സെൻട്രൽ ഹാളിൽ രാത്രി ഏഴിന് ചടങ്ങുകൾ ആരംഭിക്കും. പുതിയ മന്ത്രിമാരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അന്തിമരൂപമായി. രാത്രിയോടെ അത് രാഷ്ട്രപതിക്കു കൈമാറി. മോദിയും അമിത്ഷായും മണിക്കൂറുകളോളം ചർച്ച നടത്തിയ ശേഷമാണ് പട്ടികയുടെ അന്തിമ രൂപം തയാറാക്കിയത്. പുതിയ സർക്കാരിന്റെ ഭാഗമാകാനില്ലെന്നു ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി അരുണ് ജയ്റ്റ്ലി നരേന്ദ്ര മോദിക്കു കത്തു നൽകി.
രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എൻഡിഎ ഘടകക്ഷികൾ കൂടുതൽ കാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആരൊക്കയായിരിക്കും മന്ത്രിമാർ എന്ന അറിയിപ്പ് മോദിയിൽ നിന്നോ അമിത്ഷായിൽനിന്നോ മാത്രമേ അറിയാനാകൂ എന്ന സ്ഥിതിയാണുള്ളത്. രാജ്യസഭാംഗത്വം അമിത്ഷാ ഇന്നലെ രാജിവച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നുവെന്നാരോപിച്ചു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിനെത്തില്ല. യുപിഎ ചെയർപേഴ്സണ് സോണിയ ഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജരിവാൾ, ചന്ദ്രശേഖർ റാവു എന്നിവരും പങ്കെടുക്കും.
ബിംസ്റ്റെക് രാജ്യങ്ങളിലെ തലവൻമാരുൾപ്പടെ 6,500 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ് എന്നിവയാണ് ഇന്ത്യയെക്കൂടാതെയുള്ള ബിംസ്റ്റെക് രാജ്യങ്ങൾ. 2014ലെ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് 5000 അതിഥികളാണ് എത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ക്ഷണിച്ചിട്ടില്ല.