മുംബൈ: സവാള ലോക്കറിൽ സൂക്ഷിക്കേണ്ട പച്ചക്കറിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഓർമിപ്പിച്ച് ശിവസേന മുഖപത്രം സാമ്ന. സമ്പദ്വ്യവസ്ഥയുടെ തകർച്ചയും റോക്കറ്റുപോലെ കുതിച്ചുയരുന്ന ഉള്ളിവിലയും ചൂണ്ടിക്കാട്ടി മോദി സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപിയുടെ മുൻ സഖ്യകക്ഷിയുടെ മുഖപത്രം.
സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണ്. എന്നാൽ സർക്കാർ ഇത് അംഗീകരിക്കാൻ തയാറല്ല. സവാള വില കിലോയ്ക്ക് 200 രൂപയിൽ എത്തിയിരിക്കുന്നു. ഈ വിഷയത്തിൽ ബാലിശമായ ഉത്തരമാണ് ധനമന്ത്രി നൽകിയത്. സവാളയും വെളുത്തുള്ളിയും താൻ ഉപയോഗിക്കാറില്ല അതിനാൽ ഉള്ളിയെ സംബന്ധിച്ച് ചോദിക്കരുതെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ലെന്നും സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു.
മോദി പ്രധാനമന്ത്രി അല്ലാതിരുന്നപ്പോൾ സവാള വില സംബന്ധിച്ച് ആശങ്കപ്രകടിപ്പിച്ചിരുന്നു. ലോക്കറിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട പച്ചക്കറിയാണെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി പ്രസ്താവിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ നയം മാറി. വിദഗ്ധരെ ശ്രദ്ധിക്കുന്ന മാനസികാവസ്ഥയിലല്ല ഇപ്പോഴത്തെ സർക്കാർ. സമ്പദ്വ്യവസ്ഥ അവർക്ക് ഊഹക്കച്ചവടം നടത്തുന്ന ഓഹരിവിപണിപോലെയാണെന്നും സാമ്ന കുറ്റപ്പെടുത്തി.