സ്വന്തം ലേഖകൻ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ആനുകൂല്യം രാജ്യത്തെ എല്ലാ കർഷകർക്കും ലഭ്യമാക്കാൻ തീരുമാനം. കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാന തീരുമാനങ്ങൾ:
കിസാൻ സമ്മാന പദ്ധതിവഴി 15 കോടിയോളം കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
രണ്ടു ഹെക്ടറിൽ താഴെ കൃഷിഭൂമി ഉള്ളവർക്കായിരുന്നു പ്രതിവർഷം ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രതിവർഷം ആറായിരം രൂപ മൂന്നു ഗഡുക്കളായി നൽകുന്നതാണു പദ്ധതി.
കർഷകർക്ക് പെൻഷൻ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ പെൻഷൻ യോജന. ഇതിനായി മൂന്നു വർഷത്തേക്ക് 10,774 കോടി രൂപ പ്രഖ്യാപിച്ചു. രാജ്യത്തെ കോടിക്കണക്കിന് ചെറുകിട, ഇടത്തരം കർഷകർക്കു പ്രയോജനം.
പതിനെട്ടിനും 40നും ഇടയിൽ പ്രായമുള്ളവർക്കു പദ്ധതിയിൽ അംഗമാകാം. 60 വയസിനു ശേഷം പ്രതമാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും. പദ്ധതിയിൽ കർഷകർ നിക്ഷേപിക്കുന്ന അത്രയും തുക സർക്കാരും നൽകും.
മൃഗങ്ങളിലെ രോഗം തടയുന്നതിന് സാർവത്രിക വാക്സിനേഷനായി 13,343 കോടി രൂപ. ഇതും പ്രത്യക്ഷമായി കർഷകർക്ക് ഗുണം ചെയ്യും. 50 കോടി മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകും.
ജിഎസ്ടിയിൽ ഉൾപ്പെടാത്ത വ്യാപാരികൾക്കുള്ള പെൻഷൻ പദ്ധതി. മൂന്നു കോടി ചെറുകിട വ്യാപാരികൾക്കും കടയുടമകൾക്കും പദ്ധതി ഗുണം ചെയ്യും.
പദ്ധതിയിൽ ഉൾപ്പെടാൻ യോഗ്യരായവരുടെ പട്ടിക സംസ്ഥാന സർക്കാരുകൾ ഉടൻ തയാറാക്കി അയയ്ക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കവേ പറഞ്ഞു.