കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വൈകുന്നേരം മുതലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേർന്നത്. അതിനിടെ ഇന്നു രാവിലെ അദ്ദേഹം കന്യാകുമാരിയിലെ സൂര്യോദയം ആസ്വദിച്ചു. ധ്യാനത്തിനു ചെറിയ ഇടവേള നൽകി ധ്യാനകേന്ദ്രത്തിനു പുറത്തിറങ്ങിയാണ് നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചത്.
ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് കന്യാകുമാരിയിലെത്തിയത്. ഇന്നലെ വൈകുന്നേരം 4.15നു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി 4.40നു വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലേക്കു തിരിച്ചു.
5.10നു കന്യാകുമാരിയിലെത്തിയ മോദി തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. 45 മണിക്കൂർ നീണ്ടുനിൽക്കുന്ന ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് മോദി ഡൽഹിക്കു മടങ്ങും.
കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്.