ജമ്മു: ജമ്മു കാഷ്മീരിലെ ദോഡ നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്നു നടക്കും. മോദിയുടെ വരവിനെത്തുടർന്നു കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്. ദോഡ നഗരത്തിലെ സ്റ്റേഡിയത്തിലാണു പൊതുസമ്മേളനം നടക്കുക.
ചെനാബ് താഴ്വരയിലെ ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18ന് നടക്കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി കിഷ്ത്വാർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു.